Saturday, March 15, 2014

മൂഷിക വൃത്തം


       കഥ 
                                       മൂഷിക വൃത്തം

                                      ------------------                                                                   മനോജ്‌ വര്‍മ---             വര- റോയ് പോള്‍                                                                                                                                                                                                                                 
                                                

 


ഭീകര നിമിഷങ്ങള്‍. മുന്നില്‍ മീശ വിറപ്പിച്ച്, ദംഷ്ട്റപ്പല്ലുകള്‍ മുഴുവന്‍ വെളിവാക്കി, ആര്‍ത്തിയോടെ, ഹിംസാത്മക നിര്‍വൃതിയോടെ പൂച്ച. ഒതുങ്ങാനിനി സ്ഥലമില്ല. ചുമരിന്‍റ്റെ മൂലയായി. മാര്‍ബ്ള്‍ തറയില്‍ നിന്ന് തിരിഞ്ഞ് ചുമരിലൂടെ കയറിപ്പറ്റാന്‍ മാര്‍ഗ്ഗമില്ല. മിനുസമുള്ള ചുമരാണ്. ദൃഷ്ടി പിന്‍വലിച്ചാല്‍ ഉടന്‍ പൂച്ച ചാടി വീഴും. കൂര്‍ത്ത നഖങ്ങള്‍ അമരും.മരണത്തിന്‍റ്റെ അലകടലിന്നു മുകളിലെ ഒരു നൂല്‍പ്പാലം. എലി നൊടിയിടെ ചിന്തിച്ചു. ഒരു വഴിയേയുള്ളൂ ആത്മബലം മനസ്സ് പാളരുത്. ഒരു പക്ഷെ ലോകത്ത് ആദ്യമായി ഒരു ഇര വേട്ടക്കാരനോടു ചെയ്യുന്നതാവാം. വേട്ടക്കാരന്‍റ്റെ കണ്ണുകളിലേക്ക് തന്നെ ദൃഷ്ടി പിന്‍വലിക്കാതെ നോക്കി നില്‍ക്കുക.
                                                  
                                                        *        *        *        *        *
എല്‍.പി. സ്കൂളിലെ മൂലോടിനുള്ളിലായിരുന്നു എലിയുടെ താമസം. താഴെ ഓല കെട്ടി ചാച്ച് ഇറക്കിയ ഒരു പുര.അടുത്ത കാലം വരെ അവിടെ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു. അടിച്ചു തളിക്കാരി അമ്മിണി ഉച്ചയോടു കൂടി ഉപ്പുമാവ് ഉണ്ടാക്കുന്ന നറുമണം മൂക്കില്‍ അടിച്ചു കയറും. ക്ഷമിച്ചിരിക്കണം.വൈകീട്ട് എല്ലാവരും പോയിക്കഴിഞ്ഞാല്‍ അതിന്‍റ്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകും. പിന്നെ ഗോതമ്പ് സൂക്ഷിക്കുന്ന, മരപ്പലകയിട്ട് അടച്ച കലവറ മുറി.ഇതൊക്കെ ധാരാളമായിരുന്നു ജീവസന്ധാരണത്തിന്. എന്നാല്‍ അടുത്ത കാലത്ത് സ്കൂള്‍ അധികൃതര്‍ ഉപ്പുമാവ് റദ്ദാക്കി.അമ്മിണി ഇപ്പോള്‍ രാവിലെ ചൂലും പിടിച്ച് അങ്ങോളമിങ്ങോളം നടന്നു പോവുകയേ ഉള്ളൂ.കുട്ടികള്‍ കളഞ്ഞു പോകുന്ന കപ്പലണ്ടിക്കഷണങ്ങളും മിഠായി തുണ്ടുകളും കൊണ്ടു എത്റ നാള്‍? വളരെ ശ്റദ്ധിച്ചാണ് ഈ രാത്റിയില്‍ സമീപത്തുള്ള ഈ വീട്ടില്‍ വന്നത്. പ്റാര്‍ത്ഥിച്ചിരുന്നു, പ്ളാവിന്‍ ചുവട്ടിലെ 'വലിയ തുരപ്പന്‍റ്റെ' മാളത്തില്‍ പോയി. പണ്ട് എന്നും രാത്റിയില്‍ അമ്മ കപ്പക്കഷ്ണമോ എന്തെങ്കിലും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് അവിടെ കൊണ്ടു ചെന്ന് വെക്കുമായിരുന്നു.(കാലമിത്റയായിട്ടും ആ മാളത്തില്‍ ഒരു പാമ്പു പോലും കയറിപ്പറ്റിയിട്ടില്ല.വലിയ തുരപ്പന്‍റ്റെ ആത്മാവ് ഇപ്പോഴും അവിടെയുണ്ടാവും.)  ദുര്യോഗത്തിനു വന്നു പെട്ടത് ഈ പൂച്ചയുടെ മുന്നില്‍.    
                                                    
                                                            *      *      *      *      *

പൂച്ചക്ക് ആദ്യം അത്ഭുതവും പിന്നെ ഒരു പരിഹാസവുമാണ്‌ തോന്നിയത്. " ഇവന്‍ കൊള്ളാമല്ലോ, ശരീരത്തില്‍ വിറയലും കണ്ണുകളില്‍ പിടച്ചിലുമില്ലാതെ ആദ്യമായാണ് ഒരുത്തന്‍ മുന്നില്‍ നില്‍ക്കുന്നത്. ഇനി പേടിച്ച് കാറ്റു പോയ നില്പ്പാവുമോ?മീശ നാക്ക് കൊണ്ടു തടവി ഒരു അലര്‍ച്ച കൂടി അലറി. 
               
                                                           *      *       *       *       *  

ഉള്ളില്‍ ഒരു കതിന പൊട്ടി. എന്നാലും പുറത്തു കാണിച്ചില്ല. മിഴിയനക്കാതെ തന്നെ ചുറ്റിലും പരതി. എവിടെ ഒരു പിടിവള്ളി? നിസ്സഹായനും നിരാലമ്പനും പ്റാണനഷ്ടത്തിനു മുമ്പ് ഈശ്വരന്‍ എറിഞ്ഞു കൊടുക്കുന്ന ഒരു പിടിവള്ളി. അപ്പോഴാണ് എലിയുടെ കണ്ണില്‍ അതു പെട്ടത്. അങ്ങേ ചുവരില്‍ വെച്ച ധാരാളം ചിത്റങ്ങള്‍ക്കു നടുവില്‍ ഒരു വലിയ ചിത്റം. ആനയുടെ മുഖവും മനുഷ്യ ശരീരവുമായി ഒരാള്‍. വലിയ വയറ്. നാലു കൈകള്‍. അയാളുടെ താഴെ അതാ ഒരു എലി തൊഴുതു നില്‍ക്കുന്നു. ഇത് ഒരവസരം!! 
" ഹേ, പൂച്ചേ, ഇതു നോക്കൂ, ഞാനാരാണെന്നറിയുമോ? ഇതാ എന്‍റ്റെ ബന്ധു.ഇത്തറയും വലിയ ഒരാളുടെ മിത്റം. കണ്ടില്ലേ?" ഉന്നതരുമായുള്ള ബന്ധവും കുലമഹിമയും എപ്പോഴും സമൂഹത്തില്‍ ഒരു വിലപ്പെട്ട ചീട്ടാണല്ലോ.  

പൂച്ച ഒരു നോട്ടം നോക്കി. ഇവനെന്താണീ പറയുന്നത്? ഒന്ന് പതറി മനസ്സ്. മറുപടി കിട്ടാതായി.അഹങ്കാരം കൂടുന്നിടത്ത് വിവേകം സ്വതവേ കുറയുമല്ലോ. 'ഇവനെ ജയിക്കാന്‍ വിട്ടു കൂടാ. എന്തു ചെയ്യും?   എന്തു ചെയ്യും? 
അപ്പോഴാണ് തൊട്ടു വലതു വശത്തെ ചിത്റം കണ്ടത്. ഒരു യുവ കോമളന്‍. വളര്‍ന്ന തലമുടി.സ്വര്‍ണ്ണ മാല. ഒരു പുലിയുടെ പുറത്ത് ഇരിക്കുന്നു. പിന്നില്‍ വേറേയും പുലികള്‍. ഹൊ, ഇത് വെച്ച് പ്റതിരോധിക്കാം.
" എടാ, അപ്പുറത്തേക്ക് നോക്ക്, എന്‍റ്റെ ആള്‍ക്കാര്‍. ആ മനുഷ്യന്‍ ഇരിക്കുന്നത് ആരുടെ പുറത്താണ്? നീ ആരേയാണെടാ വിരട്ടുന്നത്?" പൂച്ച വലതു കൈ നഖം കൊണ്ട് എലിയുടെ മുഖത്ത് ഒന്ന് തോണ്ടി. 
എലിക്കു വേദനിച്ചു. പക്ഷെ പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ ആശയമായി കടന്നു വന്നു. 
" ഹെ, അതു പുലിയല്ലേ," എടുത്ത വായ്ക്ക് എലി. പൂച്ച വിഷമിച്ചു.ഇവന്‍ ചില്ലറക്കാരനല്ല. എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഒന്നു വിരട്ടാം. കൈവശം ന്യായമില്ലാതായാല്‍ അതാണല്ലോ രാഷ്ട്റനീതി. ഭയപ്പെടുത്തുക, ആക്റമിക്കുക.പൂച്ച നിവര്‍ന്നു നിന്ന് ആവുന്നത്റ മൂരി നിവര്‍ത്തി ഒന്ന് കൂടി അലറി.

ഏഴു ജീവനും ഒന്നിച്ചു പറക്കുന്ന പോലെ തോന്നി എലിക്ക്. പക്ഷെ മനോബലം കൈവിടരുത്. അന്ത്യം വരെ പൊരുതി മരിക്കുക. ജീവന്‍ ശത്റുവിന് വെറുതെ സമര്‍പ്പിച്ച ഒരു വിഡ്ഢിയായി ചരിത്റത്തില്‍ എഴുതപ്പെടേണ്ട. ആവുന്നത്റ ശ്വാസമെടുത്ത് ഉച്ചത്തില്‍ പറഞ്ഞു. "നീല്‍ക്ക്, നിങ്ങള്‍ ഒരു പുലിയോ, അതോ വെറും പൂച്ചയോ? " അത് കൊണ്ടു. പൂച്ചക്ക് ഉത്തരം മുട്ടി. അതാണു വാക്കിന്‍റ്റെ ശക്തി. ഭാഷയില്‍ വാക്കുകള്‍ അറിഞ്ഞു പ്റയോഗിക്കണം. വേണ്ടിടത്ത്, അര്‍ത്ഥമറിഞ്ഞ്.
പുലിയോ അതോ വെറും പൂച്ചയോ. ആ വെറും എന്ന പ്റയോഗം പൂച്ചയെ നിസ്തേജനാക്കി. ഇനി പൂച്ച എന്നാ അസ്തിത്വം തനിക്ക് നാണക്കേടാണ്. താന്‍ കെട്ടിപ്പൊക്കിയ സര്‍വ പ്റതിച്ഛായയും ഇടിഞ്ഞു വീഴും. പുലി തന്നെ ആയാലേ ഇവനു മുന്നില്‍ മേല്‍ക്കോയ്മ ഉണ്ടാകൂ. " എടാ, പുലിയും പൂച്ചയും ഒരേ കുടുംബക്കാര്‍ തന്നെ. ഞാന്‍ പുലി തന്നെ പുലി." ദ്വന്ദ വ്യക്തിത്വം സ്വീകരിച്ചാലുള്ള ചതി പൂച്ച അറിഞ്ഞില്ല. എലി ഓര്‍ത്തു ഒരു നീക്കം താന്‍ ജയിച്ചിരിക്കുന്നു. കൈകള്‍ കൂപ്പി തലയുയര്‍ത്തി നിന്ന് എലി പറഞ്ഞു. 
" വലിയ മാര്‍ജ്ജാര ശ്റേഷ്ഠ! കാരുണ്യമാണ് ഭൂമിയുടെ ആര്‍ദ്രത. എന്‍റ്റെ പ്റാണന്‍ വിട്ടു തരുമാറാകണം." 
(ഹൊ, പണ്ട് പല്ലിന്‍റ്റെ കിരുകിരുപ്പ്‌ തീര്‍ക്കാന്‍ മലയാളം മാഷ് കം ലൈബ്റേ റിയന്‍ ആയ ദാമോദരന്‍ മാഷടെ അലമാരിയില്‍ നിന്ന് കരണ്ട പുസ്തകങ്ങളില്‍ ഓ.വി. വിജയന്‍റ്റെ കൃതികള്‍ ഉണ്ടായത് എത്റ ശുഭകരം എന്ന് എലി ഓര്‍ത്തു.) പൂച്ചയ്ക്ക് ആകെ കലി  കയറി ഈ നിസ്സാരന്‍ പറഞ്ഞു പറഞ്ഞു ജയിക്കുന്നോ. വിശപ്പും കൊതിയും കൊണ്ട് കണ്ണു കാണാതായി നില്‍ക്കുംപോഴാണ് ഒരു ഭക്തി പ്റഭാഷണം. " എടാ, പുല്ലേ..(ഇവിടെ മറ്റൊരു പദമാണ്‌ ധര്‍മ പുരാണത്തില്‍ വിജയന്‍ ഉപയോഗിക്കുന്നത്) നിന്നെ പിടിച്ചു തിന്നാന്‍  എനിക്ക് ഒരു ന്യായവും നോക്കേണ്ടടാ.. വിശന്നു ഗതികെട്ടു നീല്‍ക്കുകയാണ് ഞാന്‍." അതാണ് സംഭവിക്കുന്നത്‌. ന്യായങ്ങള്‍ ഇല്ലാതായാല്‍ അധീശ വര്‍ഗ്ഗം പിന്നെ നീതി ധ്വംസനമാണു ചെയ്യുക. ഒരു വര്‍ഗ്ഗത്തെ കീഴ്പ്പെടുത്താന്‍ ഒരു വഴി അവന്‍റ്റെ ഭാഷ നശിപ്പിക്കുക എന്നതാണ്. പിന്നെ അവന്‍റ്റെ സംസ്കാരം. അതുപോലെ തന്നെ നിസ്സഹായനും നിരാലംബനും ഒരു ആയുധവും അവന്‍റ്റെ ഭാഷ തന്നെ. 
" ചതുഷ്പാദ കുലോത്തമാ, ഗതികെട്ടാല്‍ പുലി പുല്ലാണ് തിന്നുക. എലിയെയല്ല. അങ്ങനെയാണു ശാസ്ത്റങ്ങളിലും പഴഞ്ചൊല്ലിലും പറയുന്നത്." എലി മറ്റൊരു മൊഴിയമ്പു കൂടി തൊടുത്തു. 
"ഊം ..." പൂച്ച അരിശം കൊണ്ടു മുരണ്ടു. ധര്‍മ സങ്കടത്തിലായി. താന്‍ ഊതി വീര്‍പ്പിച്ച പ്റതിച്ഛായ കളയാനും വയ്യ, ഇരയെ നഷ്ടപ്പെടുത്താനും വയ്യ. പുലി എലിയെ തിന്നുന്ന ന്യായം ഏതു ശാസ്തറങ്ങളിലുന്ട്? പൂച്ച ആകെ പതറി. ക്റോധം കൂടിയാല്‍ വിവേകം പോയിട്ട് സാമാന്യ ബുദ്ധി കൂടി നഷ്ടപ്പെടും. അതും ഒരു യുദ്ധ തന്ത്റമാണ്. ശത്റുവിനെ കോപാകുലനാക്കുക. പിന്നെ അവന്‍ സാമാന്യ ബുദ്ധി നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ അബദ്ധങ്ങളില്‍ ചെന്നു ചാടും. 

പൂച്ച മുന്‍കാലുകളില്‍ തലയമര്‍ത്തി ഒന്നു പതുങ്ങി.എന്തു ചെയ്യണം? ചാടണോ? ഒരു നിമിഷ നേരം ചിന്തിച്ചു.
അതു മതി. ഒരു മാത്റ, അനന്തമായ കാലത്തിന്‍റ്റെ ഒരു മാത്റ. ഒരു നൊടിയിട. അവസരം അത്റയേ ലഭിക്കൂ. 
ഈശ്വരന്‍ കാരുണ്യവാനാണ്. തന്‍റ്റെ സൃഷ്ടികളെല്ലാം അദ്ദേഹത്തിന് ഒരു പോലെ. ഇരയും വേട്ടക്കാരനും ഒന്നും പക്ഷഭേദമില്ല. പക്ഷേ ഓരോരുത്തര്‍ക്കും അവരവരുടെ വിജയത്തിനുള്ള ഒരു അവസരം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അദ്ദേഹം ഇട്ടു കൊടുക്കും. അത് കണ്ടെത്തി, നഷ്ടപ്പെടുത്താതെ പിടിച്ചു കയറുന്നവനാണ് ജീവിത വിജയം.  

എലി ഓര്‍ത്തു. ഇതു തന്നെ അവസരം. ഈ നിമിഷം, ഇതു വ്യര്‍ത്ഥമാക്കരുത്.  

പുറകോട്ട് അല്‍പ്പം നീങ്ങി ചുവരില്‍ ചവിട്ടി, സകല ശക്തിയും സംഭരിച്ച്, മുന്‍കാലില്‍ പതുങ്ങി നില്‍ക്കുന്ന പൂച്ചക്കു മുകളിലൂടെ ഒറ്റച്ചാട്ടം. ഓടി മേശപ്പുറത്തു കൂടെ കയറി, ചുവരിലൂടെ വെന്‍റ്റിലേഷന്‍ ദ്വാരത്തിലൂടെ എത്തി. ഒരു നിമിഷം തിരിഞ്ഞു നോക്കി. പിന്നീട് പുറത്തേക്ക്, നിലാവു പരക്കുന്ന സ്വാതന്ത്‌റ്യത്തിലേക്ക്, ആ മൂഷിക വീരന്‍ ഒറ്റച്ചാട്ടം. ശരീരം ഭാരരഹിതമായി ഒരു തൂവല്‍ പോലെ താഴോട്ടു പറന്നിറങ്ങുന്നതായി ആ ജേതാവിനു തോന്നി..

                                                                   **   #   *** 




No comments: