Friday, March 7, 2014

രാധേയന്‍

കവിത 
                        രാധേയന്‍
                                               -മനോജ്‌ വര്‍മ  

അമ്മേ -
വിറയ്ക്കുന്ന പാദം പിടയ്ക്കുന്ന നെഞ്ചുമാ-
യിന്നു നീയെന്‍  മുന്നിലെത്തി.
അസ്തമനരാശിയിലെരിയുന്ന സൂര്യന്‍റ്റെ-
യെതിരെ നിന്നെന്തു നീ ചൊല്ലി..
ജയിക്കേണ്ടതെന്നുമെന്നിളയവന്നവനായി 
വില പേശുവാനമ്മ വന്നു.

നീ മൊഴിഞ്ഞ നീതിസാരങ്ങള്‍-
അവനു വേണ്ടി ത്യജിക്കേണ്ടതെന്‍റ്റെ കൈവല്യം
അവനു വേണ്ടി  തോല്‍ക്കേണ്ടതെന്‍റ്റെ കര്‍ത്തവ്യം.

വിഷാദം പുതച്ച നിന്‍ പിന്‍മടക്കത്തില്‍ ഞാന്‍ 
പിന്‍വിളി വിളിക്കാതെ നിന്നു.
ഓര്‍പ്പു ഞാനമ്മേയെന്‍ പടിക്കല്‍ കൂടി 
നിന്‍ രാജരഥമെത്റ പാഞ്ഞു.
അപ്പൊഴെങ്ങാനും പറന്നുവോ നിന്‍ മിഴി 
ശ്ശലഭ ദ്വയങ്ങളെന്‍ നേരെ?
ഏറെക്കുതൂഹലാല്‍ ഞാനോടിയെത്തവേ
പൊടിയാര്‍ന്ന രഥമത്റെ കണ്ടു.

അമ്മെ-

കൊട്ടാരക്കെട്ടിലില്‍ ആയമാര്‍ പാടുന്ന 
താരാട്ടിലല്ലെന്‍റ്റെയമ്മ
കണ്ണില്‍ തടാകം കനക്കുന്ന നേരത്തു 
തപിക്കുന്ന നെറ്റിമേല്‍ അലിവോടെ ചേര്‍ക്കുന്ന
കയ്യാണെനിക്കെന്‍റ്റെയമ്മ
ജപിക്കുന്ന രാത്റിയില്‍ വര്‍ഷം പിടക്കുംപോള്‍
ഇടനെഞ്ഞു ചേര്‍ന്നുകിടക്കവേ കേള്‍ക്കുന്ന
ഹൃദയത്തുടിപ്പെന്‍റ്റെയമ്മ 
                 ---$$ ---


No comments: