Wednesday, March 5, 2014

പെരുവിരല്‍


കഥ -                                                പെരുവിരല്‍ 
                                                     ---------------- 
                                                                                                                                                                                                                                       മനോജ്‌ വര്‍മ 
                                                                                                                              
malayalam blogs
                                                                                          

അമ്മയുടെ ഇടംകൈ പെരുവിരല്‍ അയാള്‍ വലം കയ്യിലെടുത്തു. അമ്മ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. ഓര്‍മയുടെ കാoിന്യവും മറവിയുടെ ലാളനയും മാറി മാറി അനുഭവിക്കുന്ന അമ്മ, തന്നെ തിരിച്ചറിഞ്ഞിട്ടാണോ ചിരിക്കുന്നത് എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ലാതായി. ഉണങ്ങിയ മച്ചിങ്ങയില്‍ തൊടുന്നതു പോലെയായിരുന്നു ഇപ്പോള്‍ അമ്മയുടെ വിരലുകള്‍. മച്ചിങ്ങയില്‍ തന്നെ അയാളുടെ ഓര്‍മകള്‍ ഉടക്കി. കുട്ടിക്കാലത്ത് ഇടക്കിടെ അയാളെ ശല്യപ്പെടുത്തിയിരുന്ന ഒരുച്ചെന്നിക്കുത്ത്. നെറ്റിയുടെ ഇടതു ഭാഗം മാത്റം വരുന്ന ചുളുചുളാക്കുത്ത്. മച്ചിങ്ങ അരച്ച് പുരട്ടിയാല്‍ തലവേദന മാറും എന്നായിരുന്നു അമ്മയുടെ നാട്ടറിവ്. കരഞ്ഞു കൊണ്ടു കിടക്കുന്ന അയാളുടെ നെറ്റിയില്‍ മച്ചിങ്ങ അരച്ച് പുരട്ടി, ഇടത്തേ നെറ്റിയില്‍ ഇടംകൈ പെരുവിരല്‍ കൊണ്ടു അമ്മ നിരന്തരം തടവുമായിരുന്നു.ഇടത്തേ ഞരമ്പിലൂടെ അമ്മയുടെ വിരല്‍ ശ്റുതി മീട്ടുംപോള്‍ പതുക്കെ പതുക്കെ, ഉറങ്ങിയുറങ്ങി വേദനയില്‍ നിന്ന് അയാള്‍ മുക്തനാകുമായിരുന്നു. മച്ചിങ്ങയാണോ, അമ്മയുടെ വിരലാണോ മരുന്നായത് എന്ന് അയാള്‍ക്ക് സന്ദേഹമുണ്ടായിരുന്നു.
ഇടക്കിടെ പുറകില്‍ അച്ഛന്‍റ്റെ ഫോട്ടോയിലേക്കു നോക്കി അമ്മ ചിരിച്ചുകൊണ്ടേയിരുന്നു.വന്നയാളെ കണ്ടില്ലേ, ഇവിടെ വന്നിരിക്കൂ എന്ന മട്ടിലാണ്‌ അമ്മയുടെ ചിരി. അച്ഛന്‍ ഇപ്പോഴും കൂടെയുണ്ടെന്ന ഭാവത്തിലാണ് അമ്മയുടെ പെരുമാറ്റം. ഫോട്ടോയില്‍ അച്ഛന്‍റ്റെ നെറ്റിയില്‍ തൊടുവിച്ച ചന്ദനക്കുറി ഏറെ പഴകിയതാണെന്ന് അതിന്‍റ്റെ 
ഉണക്കം കണ്ടാലറിയാം. അമ്മതന്നെ തൊടുവിച്ചതാണ് അത്. പണ്ട് തന്നേയും അമ്മ തൊടുവിക്കുമായിരുന്നു. പ്റത്യേകിച്ച് കൊല്ലപ്പരീക്ഷ തുടങ്ങുന്ന ദിവസം.വേവലാതിയോടെ നില്‍ക്കുന്ന അയാളുടെ നെറ്റിയില്‍ അമ്പലത്തില്‍ നിന്നു വന്ന് അമ്മ ഇടത്തേ പെരുവിരല്‍ കൊണ്ടു തന്നെ വിസ്തരിച്ച് ഒരു ഗോപി തൊടുവിക്കുമായിരുന്നു. അമ്മയുടെ ഇടംകൈ സ്വാധീനം അയാള്‍ക്ക് കൗതുകമായിരുന്നു. 
"കുട്ടന്‍ ഭഗോതിയെ വിചാരിച്ച് പരീക്ഷ എഴുതിക്കോളൂ.. ട്ടോ" എന്ന ആശീര്‍വാദവും കൂടി കേട്ടാല്‍ പിന്നെ ആത്മവിശ്വാസത്തോടെ സ്കൂളില്‍ പോകുമായിരുന്നു.
പുറത്തു നിര്‍ത്തിയ കാറിന്‍റ്റെ നീട്ടിയടിച്ച ഹോണ്‍ കൂടെ വന്നയാളുടെ അക്ഷമയും അലോസരവും അറിയിച്ചു.

സാവധാനം അയാള്‍ കൂടെ കൊണ്ടുവന്ന സ്റ്റാമ്പ്‌ പാഡ് തുറന്നു. അമ്മയുടെ ഇടത്തേ പെരുവിരല്‍ അതില്‍ അമര്‍ത്തി കയ്യിലുണ്ടായിരുന്ന നെടുകെ മടക്കിയ കട്ടിക്കടലാസിന്‍റ്റെ അടിയില്‍ ചേര്‍ത്തു വെച്ചു.
                                                             
                                                     *       *       *manojavam

7 comments:

Unknown said...
This comment has been removed by the author.
suma said...

Nannayittund manojetta

Unknown said...

thank you sume..

Unknown said...
This comment has been removed by the author.
Unknown said...

good

Devan said...

very nice .... machinga or the fingers that cured the headache is a touching thought ... keep it up!

Unknown said...

thanks devan chetta..