Thursday, July 31, 2014

ആഷാഢ പൗര്‍ണമി


                                                    ആഷാഢ പൗര്‍ണമി 
                                                          ----------------------------------  
                                                                                                -മനോജ്‌ വര്‍മ 
  ആഷാഢ പൗര്‍ണമി
  ഹേമാംഗ രൂപിണി 
  അണയുക.
  തണുവണിക്കൈകളാലെന്‍ വിരല്‍ തലോടുക 
  ഒരു ഞാറ്റുപാട്ടിലേക്കൊഴുകട്ടെയോര്‍മകള്‍.

  കാലം നനഞ്ഞീറനായ് നില്‍ക്കുമക്കരെ
  നീല നെല്ലിപ്പൂക്കള്‍ വീണ്ടും തളിര്‍ത്തുവോ?
  നിറയുന്ന പാടത്തിനരികിലൂടോഴുകുന്ന
  തോട്ടില്‍ക്കളിക്കുന്നതോര്‍ത്തുവോ? നിറവെള്ള-
  മാട്ടിത്തെറിപ്പിച്ചു കാല്‍കളാല്‍ തട്ടിയൊരു 
  ഹുങ്കാരമാര്‍ക്കുന്നതോര്‍ത്തുവോ?

  കൊതുമ്പിന്‍ ശലാകയില്‍ കേവുവള്ളം തീര്‍ത്ത് 
  നേരെ കടല്‍ പൂകുമെന്നും നിനച്ചുവോ?
  കൈത്തോട് കടലില്‍പ്പതിക്കുമെന്നോര്‍ത്തുവോ?

  കടലിരമ്പം കേട്ടു ഭീതനായ്, രാത്റിയില്‍
  അമ്മതന്‍ പിന്നില്‍ച്ചുരുണ്ടുവോ,സാന്ത്വനം തേടിയോ?
  ഉറക്കം മുറിഞ്ഞമ്മ നേര്‍ത്തുവോ?ശാസിച്ചതോര്‍ത്തുവോ?

  തിങ്കള്‍ മറഞ്ഞോരു വേളയില്‍ കാക്കകള്‍ 
  നീളെ കുറുകിക്കരഞ്ഞുവോ? കൊറ്റിനാല്‍ 
  വറ്റു പെറുക്കിക്കഴിച്ചുവോ?
  മുത്തശ്ശിയമ്മമാര്‍, അച്ഛന്‍റ്റെ പെങ്ങളും 
  നിലാവിന്‍റ്റെ നാട്ടില്‍ നിന്നിത്റടം വന്നുവോ?
  എല്ലുകള്‍ പോന്തിയോരുണ്ണിക്കിടാത്തന്‍റ്റെ 
  ബട്ടന്‍സു പൊട്ടിയ റ്റ്രൗസറിന്‍ കീശയില്‍ 
  പാരീസു മിട്ടായി തന്‍ പൊതി-
  ക്കടലാസു കണ്ടവര്‍ ഊറിച്ചിരിച്ചുവോ?

  ആഷാഢ പൗര്‍ണമി
  നനയുന്ന സൗമിനി 
  പറയുക, 
  പരിമൃദുസ്മേരമോടെന്‍ കാതിലോതുക 
  മധുവിഷാദസ്മൃതിക്കിനിയട്ടെ മാനസം. 
                       ---  

No comments: