Monday, October 13, 2014

വാനപ്റസ്ഥവും കഴിഞ്ഞ് .



                              ശരീരത്തിന് പ്റായമാകുംപോഴും അതിനു പ്റായമാകുന്നില്ല.
                              ശരീരത്തിന്‍റ്റെ മരണത്തിലും അത് കൊല്ലപ്പെടുന്നില്ല.
                              അത് ജീവാത്മാവാണ്, പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും 
                              ദുഃഖത്തില്‍ നിന്നും വിശപ്പില്‍ നിന്നും ദാഹത്തില്‍ നിന്നും സ്വതന്ത്റമായത്.
           
                                                                            -- ചാന്ദോഗ്യോപനിഷത്ത്.
                                                    *    *    *    *    *    *    *    *
കൃത്യനിഷ്ഠയില്‍ കടുകിട വിടാത്തവന്‍. ഒരിക്കലും തിരിഞ്ഞു നോക്കാതെ നടക്കാന്‍ കഴിയുന്ന കര്‍ക്കശ മാനസന്‍. ഒരാളേയുള്ളു....
കാലം. 
കൂടെ അദൃശ്യനായ ഒരു കൂട്ടുകാരനുണ്ട്. 
അരികില്‍   എപ്പോഴും ഉണ്ടാകും.കൂട്ടുകാരനും മഹാകണിശക്കാരനാണ്.സൂത്റക്കാരനും.                                                
കടുകിട പിഴക്കില്ല. 
നമ്മള്‍ ഒരു പുഴയെ തൊടുന്നത് ഒരിക്കല്‍, ഒരിക്കല്‍ മാത്റമാണ്.അടുത്ത ക്ഷണമാത്റയില്‍ ആ പുഴ ഒഴുകി മാറിയിരിക്കും. പിന്നെ തൊടുന്നത് വേറെ പുഴ.
ഇതിനിടയില്‍ ഇലകള്‍ പച്ചയും പൂക്കള്‍ മഞ്ഞയും നിറമാര്‍ന്ന്, നിറം വാര്‍ന്ന് കാലത്തിന്‍റ്റെ കൂട്ടുകാരന്‍റ്റെ കയ്യില്‍ ഉറങ്ങും.

ഇതിനിടയിലെ ഏറ്റവും ദൈന്യതയാര്‍ന്ന കാലമാണ് വാര്‍ദ്ധക്യം. സ്വാശ്റയമില്ലാതെ പരകാരുണ്യത്തില്‍ കഴിയേണ്ടി വരിക. യാതനാപര്‍വം. 
വേദനിക്കുന്നത് ദേഹത്തിനോ, ദേഹിക്കോ? 
മെച്ചപ്പെട്ട ആരോഗ്യ പരിപാലനത്താല്‍ ലോകാരോഗ്യ സംഘടനയുടെ പ്റശംസ പറ്റിയ നമ്മുടെ നാട്ടില്‍ ആയുര്‍ദൈര്‍ഘ്യം കൂടുന്നു.  അതിന്‍റ്റെ ഒരു മറുവശം ഈ ദീന ജനങ്ങളാണ്. മനസ്സിനെ അനുസരിക്കാത്ത ശരീരവും, ശരീരത്തിന്‍റ്റെ വേദന അറിയുന്ന മനസ്സും.സ്നേഹിക്കുന്ന,പാലിക്കുന്ന മക്കള്‍, ബന്ധുജനങ്ങള്‍ ഉള്ളവര്‍ ഭാഗ്യമുള്ളവര്‍.സ്ഫടിക ജാലകത്തിലൂടെ ഇവര്‍ക്ക് അവരെ കാണാം.
                                                       *    *    *    *     *    *    *    *
                                നിശ്ചയം,ഒരു വയോധികനെ വണങ്ങുന്നത് ദൈവത്തെ വണങ്ങലാണ്.
                                                                         
                                                                           -- മുഹമ്മദ് നബി. 

  

No comments: