Sunday, September 7, 2014

not only but also..



                                                    നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ..
                                                                       ---                                          - മനോജ്‌ വര്‍മ 

 നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ..എങ്ങനെയാണ് ഉപയോഗിക്കുക? എന്നോടു ചോദിക്കൂ.ഞാന്‍ കൃത്യമായി പറഞ്ഞു തരാം. 
 maharaja swathi thirunal was not only a great ruler but also a great composer of songs.

 ഏഴാം ക്ലാസ്സിലെ പാഠം രണ്ട് sancho panza യിലാണ് നോട്ട് ഓണ്‍ലി... ബട്ട് ആള്‍സോ പഠിക്കുക.ആ പാഠം തുടങ്ങുന്നത് ഇങ്ങനെ.
 have you heard of sancho panza, the friend of don quixote?

പുറമേക്ക് കാണാന്‍ വലിപ്പം തോന്നുമെങ്കിലും അകത്ത് software കുറവായ എന്‍റ്റെ തലയിലേക്ക് ഇതെല്ലാം വാല്‍സല്യത്തോടെ പകര്‍ന്നു നല്‍കിയ ഗുരുഭൂതനാണ് ചിത്റത്തില്‍ എന്നോടൊപ്പം. ഇന്ന് തിരുവോണത്തിന് മാഷെ കാണാന്‍ ചെന്നപ്പോള്‍ എടുത്ത ചിത്റം.

നാരായണന്‍ മാഷ്‌!!

അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ കണക്കു മാഷായും ഇംഗ്ളീഷ് മാഷായും വേഷപ്പകര്‍ച്ച നടത്തിയ മാഷ്‌. സദാസത്യ വാക്യങ്ങളും ജ്യാമിതീയ ഗണിതങ്ങളും തീര്‍ഥം പോലെ ശിരസ്സിലേക്ക് പകര്‍ന്ന ഗുരുനാഥന്‍. സിലബസ് തീര്‍ന്നില്ലെങ്കില്‍ സ്പെഷല്‍ ക്ലാസ് എടുത്തും പഠിപ്പിച്ചു തന്ന മാഷ്‌. സ്കൂളില്‍ 'കണക്കു മാഷ്‌' എന്ന നിലയിലാണ് മാഷ്ക്ക് കേള്‍വി. എന്നാല്‍ എനിക്ക് അനുഭവപ്പെട്ടത് അത്റ തന്നെ സാന്ദ്രമാണ് മാഷുടെ ഇംഗ്ളീഷ് ക്ലാസ് എന്നാണ്. ഇന്ന് പല വാക്കുകളും ശൈലികളും ഇംഗ്ളീഷില്‍ ഉപയോഗിക്കുംപോള്‍ മാഷുടെ രൂപവും ശബ്ദവും സ്പര്‍ശവും ഒരു ടെലിപ്പതിയായി എന്നില്‍ പ്റവേശമാകും. നില്‍ക്കട്ടെ, തുറന്നു വിട്ടാല്‍ തീരില്ല ഈ ഓര്‍മപ്പുഴ.

മാഷ്ക്ക് ശരീരത്തില്‍ വാര്‍ദ്ധക്യമായി. മാഷുടെ തന്നെ ഭാഷയില്‍ " സര്‍വീസില്‍ ഇരുന്നതിനേക്കാള്‍ അധികം പെന്‍ഷന്‍ വാങ്ങിക്കഴിഞ്ഞു."
ശയ്യയെ കൂടുതല്‍ നേരം അവലംബിക്കേണ്ടി വരുന്നു. പ്റജ്ഞ ഇടക്കിടെ ഒളിച്ചുകളി നടത്തുന്നു. പക്ഷെ പ്റൊഫ. ഈശ്വരന്‍റ്റെ ഇന്ദ്രജാലങ്ങള്‍ പറയാവതല്ലല്ലോ. ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന് മന്ദ്രമായി മാഷ് മൂന്നു വാക്കുകള്‍ ഉച്ചരിച്ചു.

മ...നോ...ജ് ..

(രഘുനാഥ് പലേരിയുടെ  പ്റയോഗം കടമെടുക്കാതെ വയ്യ. "തിരശ്ശീലയുണ്ട് കണ്ണില്‍" )

കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് അപേക്ഷിച്ചപ്പോള്‍ അലൌകിക ശക്തിയോടെ,കണ്ണില്‍ വീണ്ടും കൊളുത്തിയ മാര്‍ഗദീപകങ്ങളോടെ മാഷ് എണീറ്റിരുന്നു. സാവധാനം,സാവധാനം വലതു കൈ അരുമയായി എന്‍റ്റെ ചുമലില്‍ വെച്ചു.സംവല്‍സരങ്ങള്‍ക്കു പുറകിലെ റ്റ്രൗസര്‍കാരന്‍റ്റെ ചുള്ളിക്കമ്പു ദേഹത്തില്‍ എന്‍റ്റെ ആത്മാവ്‌ സന്നിവേശിച്ചു. അതാണ്‌  എന്‍റ്റെ മുഖത്ത് ഒരു തുമ്പക്കുടന്ന വിരിയിച്ചത്. ഈ വര്‍ഷത്തെ ഓണം  എന്‍റ്റെ ജീവിതപ്പുസ്തകത്തില്‍ വിശിഷ്ട താളില്‍ രേഖപ്പെടുത്തപ്പെട്ടു. ചുള്ളിക്കമ്പു ബാലന്‍  ഉറക്കെ വിളിച്ചു പറഞ്ഞു.

narayanan mash is NOT ONLY a good teacher BUT ALSO  a great human being to be admired.

07.09.2014
                                                                    ---