Sunday, March 23, 2014

മാമ്പഴക്കഥ



                                       മാമ്പഴക്കഥ - ഒരു സത്യത്തിന്‍റ്റെയും.
                                                           ---                                             - മനോജ്‌ വര്‍മ. 

എപ്പോഴും വിസ്മയമാണ് മാങ്ങാക്കാലം.

അമ്മ അങ്ങനെയാണ്. എത്റ കുരുത്തക്കേടു കാണിച്ചാലും അതാതു കാലത്ത് മക്കള്‍ കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കി വെക്കും. ക്ലേശങ്ങള്‍ സഹിച്ചും. പ്റകൃതിയമ്മ ഇത്തവണയും ഞങ്ങള്‍ക്ക് മാമ്പഴക്കാലം ഒരുക്കി വെച്ചിരിക്കുന്നു. 

ഇന്ന് രാവിലെ നോക്കുംപോള്‍ മുറ്റത്തെ മാവില്‍ കൈനീട്ടം തരാനെന്ന പോല്‍ നീട്ടിപ്പിടിച്ചുനില്‍ക്കുന്നു മാങ്ങകള്‍. ഞാന്‍ കൈ വീശി ഒരു നമസ്തെ കൊടുത്തു . എന്നിട്ടു പറഞ്ഞു. ഞാന്‍ കയറി വരില്ല. അണ്ണാനും പൂത്താങ്കീരിയുമൊക്കെ കഴിച്ചിട്ട് ബാക്കി എനിക്കു തന്നാല്‍ മതി. എന്‍റ്റെ നെഞ്ചു മുതല്‍ വയറു വരെ ഞാന്‍ നോക്കി. ഇല്ല, ഇപ്പോള്‍ ഒരു പാടുകളുമില്ല. അനേക വര്‍ഷം മുമ്പ് ഇക്കാലം  എന്‍റ്റെ നെഞ്ചില്‍ മാങ്ങാച്ചൊന വീണു പൊള്ളിയ വടുക്കള്‍ ഉണ്ടായിരുന്നു, വയറില്‍ മാവിലുരഞ്ഞു കോറിയ പാടുകള്‍ ഉണ്ടായിരുന്നു. 
വിഷുവും ഓണവും വരുംപോള്‍ ചാനലുകളില്‍ കൃത്റിമമായി കാണിക്കുന്ന ബാല്യം യഥാതഥമായി അനുഭവിച്ചവനാണ് ഞാന്‍, എന്‍റ്റെ തലമുറയും. ഞാന്‍ വളര്‍ന്ന സ്ഥലം ഇവിടെയല്ല, അല്പം ദൂരെ, ഏറനാട്ടിലെ തിരൂരില്‍. നോക്കെത്താദൂരം തെങ്ങിന്‍ പറമ്പ്. പഞ്ചാര മണല്‍. എന്‍റ്റെ അച്ഛന്‍പെങ്ങളുടെ ഗൃഹം. അതിന്‍റ്റെ വിശാലമായ തേങ്ങിന്‍ തോപ്പിലെ ഒരു കൊച്ചു വീട്ടിലാണു ഞാന്‍ മലര്‍ന്നു കിടന്നതും, പിന്നെ ഭൂമിയില്‍ ഓടിക്കളിക്കാന്‍ പഠിച്ചതും. ഒരുപാടു കൂട്ടുകാര്‍. മധ്യവേനലവധി ഒരു മാമ്പഴ മധുരക്കാലം തന്നെയായിരുന്നു. പൂത്ത അശോകത്തിനു മുകളില്‍ ഏറുമാടം കെട്ടി ഞങ്ങള്‍ പകലുറങ്ങി. അമ്പലമുറ്റത്ത്‌ കിളിമാസു കളിച്ചു. വൈകുന്നേരം കുളം കലക്കി. ഏതു മാവിലും കയറി, അല്ലെങ്കില്‍ കല്ലെറിഞ്ഞു വീഴ്ത്തി കണ്ണിമാങ്ങ മുതല്‍ മാമ്പഴം വരെ അനുഭവിച്ചു. ഫലം, വേനല്‍ക്കാലം മുഴുവന്‍ നെഞ്ചില്‍ നടേ പറഞ്ഞ മാങ്ങാ മുദ്രകള്‍. ഈ അനുഭവം എന്‍റ്റെ തലമുറയ്ക്കായി സമര്‍പ്പിക്കുന്നു. 

ഇനി എന്‍റ്റെ ഒരു സ്വകാര്യ അനുഭവം കൂടി. അണ്ണാറക്കൊട്ടനെപ്പോലെ മെലിഞ്ഞിരുന്ന ഞാന്‍ ഏതു വൃക്ഷത്തിലും പിടിച്ചു കയറുമായിരുന്നു. ഒരിക്കല്‍ അമ്പല മുറ്റത്തെ നെല്ലി മരത്തിനു മുകളില്‍ എന്നെക്കണ്ട് ഭയന്ന അമ്മ വിഷയം അച്ഛന്‍റ്റെ മുന്നിലെത്തിച്ചു. അച്ഛന്‍റ്റെ ശിക്ഷാവിധി ഇങ്ങനെ -ഇനി മരത്തില്‍ കയറില്ലെന്ന് അച്ഛനെ പിടിച്ച് സത്യമിടണം. ഞാന്‍ സത്യമിട്ടു. കുറച്ചു കാലം പേടിച്ച് മരത്തില്‍ കയറാതെ നടന്നു. ഒടുവില്‍ വിലക്കു നീക്കിയത് അച്ഛന്‍ തന്നെ. തൃശ്ശൂരില്‍ അച്ഛന്‍റ്റെ അനിയന്‍റ്റെ വീട്ടില്‍ വന്നപ്പോള്‍ മുറ്റത്തെ മാവില്‍ രസികന്‍ മാമ്പഴം. മാങ്ങാ ഭ്റാന്തന്‍ ആയ അച്ഛനു സഹിച്ചില്ല. എന്നോടു മാവില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ എന്‍റ്റെ സത്യ ത്തെക്കുറിച്ചും സത്യലംഘനം ചെയ്താലുള്ള പാപത്തെക്കുറിച്ചും കര്‍ണ്ണനെപ്പോലെ പ്റസംഗിച്ചു. "അതു സാരല്യ" എന്നു പറഞ്ഞ്, ഉയരമുള്ള ശിഖരത്തില്‍ പിടികിട്ടാന്‍ അച്ഛന്‍ തന്നെ വലത്തെ കൈ മാവില്‍ ചേര്‍ത്ത്, ചവിട്ടി കയറിക്കോളാന്‍ പറഞ്ഞു. അച്ഛന്‍റ്റെ  കയ്യില്‍ ചവിട്ടി ഞാന്‍ മാവില്‍ പിടിച്ചു കയറി. എന്‍റ്റെ വിലക്കും നീങ്ങി, അച്ഛനു മാങ്ങയും കിട്ടി. 
രാവിലെ ഈ മാങ്ങകള്‍ കണിയായി മുന്നില്‍ വന്നപ്പോള്‍ ഒരു ചലച്ചിത്റം പോലെ ഈ ഓര്‍മകള്‍.( ഹൊ, അപ്പോഴും നൊസ്റ്റാള്‍ജിയ  തന്നെ).  എല്ലാ കുട്ടികള്‍ക്കും ആഹ്ളാദകരമായ ഒരു മധ്യവേനലവധി ആശംസിക്കുന്നു.

കണ്‍ഫ്യുഷ്യസ്സിന്‍റ്റെ വാക്കുകള്‍ കൂടി ഈ മാമ്പഴത്തോട് ചേര്‍ത്തു വെക്കട്ടെ-

                                                    ഭാവിയെ ആവിഷ്കരിക്കണമെങ്കില്‍
                                                    ഭൂതകാലത്തെ അറിയണം.

                                                                 --$$--$$--                                                                                                   

Saturday, March 15, 2014

മൂഷിക വൃത്തം


       കഥ 
                                       മൂഷിക വൃത്തം

                                      ------------------                                                                   മനോജ്‌ വര്‍മ---             വര- റോയ് പോള്‍                                                                                                                                                                                                                                 
                                                

 


ഭീകര നിമിഷങ്ങള്‍. മുന്നില്‍ മീശ വിറപ്പിച്ച്, ദംഷ്ട്റപ്പല്ലുകള്‍ മുഴുവന്‍ വെളിവാക്കി, ആര്‍ത്തിയോടെ, ഹിംസാത്മക നിര്‍വൃതിയോടെ പൂച്ച. ഒതുങ്ങാനിനി സ്ഥലമില്ല. ചുമരിന്‍റ്റെ മൂലയായി. മാര്‍ബ്ള്‍ തറയില്‍ നിന്ന് തിരിഞ്ഞ് ചുമരിലൂടെ കയറിപ്പറ്റാന്‍ മാര്‍ഗ്ഗമില്ല. മിനുസമുള്ള ചുമരാണ്. ദൃഷ്ടി പിന്‍വലിച്ചാല്‍ ഉടന്‍ പൂച്ച ചാടി വീഴും. കൂര്‍ത്ത നഖങ്ങള്‍ അമരും.മരണത്തിന്‍റ്റെ അലകടലിന്നു മുകളിലെ ഒരു നൂല്‍പ്പാലം. എലി നൊടിയിടെ ചിന്തിച്ചു. ഒരു വഴിയേയുള്ളൂ ആത്മബലം മനസ്സ് പാളരുത്. ഒരു പക്ഷെ ലോകത്ത് ആദ്യമായി ഒരു ഇര വേട്ടക്കാരനോടു ചെയ്യുന്നതാവാം. വേട്ടക്കാരന്‍റ്റെ കണ്ണുകളിലേക്ക് തന്നെ ദൃഷ്ടി പിന്‍വലിക്കാതെ നോക്കി നില്‍ക്കുക.
                                                  
                                                        *        *        *        *        *
എല്‍.പി. സ്കൂളിലെ മൂലോടിനുള്ളിലായിരുന്നു എലിയുടെ താമസം. താഴെ ഓല കെട്ടി ചാച്ച് ഇറക്കിയ ഒരു പുര.അടുത്ത കാലം വരെ അവിടെ ഉപ്പുമാവ് ഉണ്ടാക്കിയിരുന്നു. അടിച്ചു തളിക്കാരി അമ്മിണി ഉച്ചയോടു കൂടി ഉപ്പുമാവ് ഉണ്ടാക്കുന്ന നറുമണം മൂക്കില്‍ അടിച്ചു കയറും. ക്ഷമിച്ചിരിക്കണം.വൈകീട്ട് എല്ലാവരും പോയിക്കഴിഞ്ഞാല്‍ അതിന്‍റ്റെ അവശിഷ്ടങ്ങള്‍ ഉണ്ടാകും. പിന്നെ ഗോതമ്പ് സൂക്ഷിക്കുന്ന, മരപ്പലകയിട്ട് അടച്ച കലവറ മുറി.ഇതൊക്കെ ധാരാളമായിരുന്നു ജീവസന്ധാരണത്തിന്. എന്നാല്‍ അടുത്ത കാലത്ത് സ്കൂള്‍ അധികൃതര്‍ ഉപ്പുമാവ് റദ്ദാക്കി.അമ്മിണി ഇപ്പോള്‍ രാവിലെ ചൂലും പിടിച്ച് അങ്ങോളമിങ്ങോളം നടന്നു പോവുകയേ ഉള്ളൂ.കുട്ടികള്‍ കളഞ്ഞു പോകുന്ന കപ്പലണ്ടിക്കഷണങ്ങളും മിഠായി തുണ്ടുകളും കൊണ്ടു എത്റ നാള്‍? വളരെ ശ്റദ്ധിച്ചാണ് ഈ രാത്റിയില്‍ സമീപത്തുള്ള ഈ വീട്ടില്‍ വന്നത്. പ്റാര്‍ത്ഥിച്ചിരുന്നു, പ്ളാവിന്‍ ചുവട്ടിലെ 'വലിയ തുരപ്പന്‍റ്റെ' മാളത്തില്‍ പോയി. പണ്ട് എന്നും രാത്റിയില്‍ അമ്മ കപ്പക്കഷ്ണമോ എന്തെങ്കിലും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് അവിടെ കൊണ്ടു ചെന്ന് വെക്കുമായിരുന്നു.(കാലമിത്റയായിട്ടും ആ മാളത്തില്‍ ഒരു പാമ്പു പോലും കയറിപ്പറ്റിയിട്ടില്ല.വലിയ തുരപ്പന്‍റ്റെ ആത്മാവ് ഇപ്പോഴും അവിടെയുണ്ടാവും.)  ദുര്യോഗത്തിനു വന്നു പെട്ടത് ഈ പൂച്ചയുടെ മുന്നില്‍.    
                                                    
                                                            *      *      *      *      *

പൂച്ചക്ക് ആദ്യം അത്ഭുതവും പിന്നെ ഒരു പരിഹാസവുമാണ്‌ തോന്നിയത്. " ഇവന്‍ കൊള്ളാമല്ലോ, ശരീരത്തില്‍ വിറയലും കണ്ണുകളില്‍ പിടച്ചിലുമില്ലാതെ ആദ്യമായാണ് ഒരുത്തന്‍ മുന്നില്‍ നില്‍ക്കുന്നത്. ഇനി പേടിച്ച് കാറ്റു പോയ നില്പ്പാവുമോ?മീശ നാക്ക് കൊണ്ടു തടവി ഒരു അലര്‍ച്ച കൂടി അലറി. 
               
                                                           *      *       *       *       *  

ഉള്ളില്‍ ഒരു കതിന പൊട്ടി. എന്നാലും പുറത്തു കാണിച്ചില്ല. മിഴിയനക്കാതെ തന്നെ ചുറ്റിലും പരതി. എവിടെ ഒരു പിടിവള്ളി? നിസ്സഹായനും നിരാലമ്പനും പ്റാണനഷ്ടത്തിനു മുമ്പ് ഈശ്വരന്‍ എറിഞ്ഞു കൊടുക്കുന്ന ഒരു പിടിവള്ളി. അപ്പോഴാണ് എലിയുടെ കണ്ണില്‍ അതു പെട്ടത്. അങ്ങേ ചുവരില്‍ വെച്ച ധാരാളം ചിത്റങ്ങള്‍ക്കു നടുവില്‍ ഒരു വലിയ ചിത്റം. ആനയുടെ മുഖവും മനുഷ്യ ശരീരവുമായി ഒരാള്‍. വലിയ വയറ്. നാലു കൈകള്‍. അയാളുടെ താഴെ അതാ ഒരു എലി തൊഴുതു നില്‍ക്കുന്നു. ഇത് ഒരവസരം!! 
" ഹേ, പൂച്ചേ, ഇതു നോക്കൂ, ഞാനാരാണെന്നറിയുമോ? ഇതാ എന്‍റ്റെ ബന്ധു.ഇത്തറയും വലിയ ഒരാളുടെ മിത്റം. കണ്ടില്ലേ?" ഉന്നതരുമായുള്ള ബന്ധവും കുലമഹിമയും എപ്പോഴും സമൂഹത്തില്‍ ഒരു വിലപ്പെട്ട ചീട്ടാണല്ലോ.  

പൂച്ച ഒരു നോട്ടം നോക്കി. ഇവനെന്താണീ പറയുന്നത്? ഒന്ന് പതറി മനസ്സ്. മറുപടി കിട്ടാതായി.അഹങ്കാരം കൂടുന്നിടത്ത് വിവേകം സ്വതവേ കുറയുമല്ലോ. 'ഇവനെ ജയിക്കാന്‍ വിട്ടു കൂടാ. എന്തു ചെയ്യും?   എന്തു ചെയ്യും? 
അപ്പോഴാണ് തൊട്ടു വലതു വശത്തെ ചിത്റം കണ്ടത്. ഒരു യുവ കോമളന്‍. വളര്‍ന്ന തലമുടി.സ്വര്‍ണ്ണ മാല. ഒരു പുലിയുടെ പുറത്ത് ഇരിക്കുന്നു. പിന്നില്‍ വേറേയും പുലികള്‍. ഹൊ, ഇത് വെച്ച് പ്റതിരോധിക്കാം.
" എടാ, അപ്പുറത്തേക്ക് നോക്ക്, എന്‍റ്റെ ആള്‍ക്കാര്‍. ആ മനുഷ്യന്‍ ഇരിക്കുന്നത് ആരുടെ പുറത്താണ്? നീ ആരേയാണെടാ വിരട്ടുന്നത്?" പൂച്ച വലതു കൈ നഖം കൊണ്ട് എലിയുടെ മുഖത്ത് ഒന്ന് തോണ്ടി. 
എലിക്കു വേദനിച്ചു. പക്ഷെ പെട്ടെന്ന് ഒരു മിന്നല്‍പ്പിണര്‍ ആശയമായി കടന്നു വന്നു. 
" ഹെ, അതു പുലിയല്ലേ," എടുത്ത വായ്ക്ക് എലി. പൂച്ച വിഷമിച്ചു.ഇവന്‍ ചില്ലറക്കാരനല്ല. എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഒന്നു വിരട്ടാം. കൈവശം ന്യായമില്ലാതായാല്‍ അതാണല്ലോ രാഷ്ട്റനീതി. ഭയപ്പെടുത്തുക, ആക്റമിക്കുക.പൂച്ച നിവര്‍ന്നു നിന്ന് ആവുന്നത്റ മൂരി നിവര്‍ത്തി ഒന്ന് കൂടി അലറി.

ഏഴു ജീവനും ഒന്നിച്ചു പറക്കുന്ന പോലെ തോന്നി എലിക്ക്. പക്ഷെ മനോബലം കൈവിടരുത്. അന്ത്യം വരെ പൊരുതി മരിക്കുക. ജീവന്‍ ശത്റുവിന് വെറുതെ സമര്‍പ്പിച്ച ഒരു വിഡ്ഢിയായി ചരിത്റത്തില്‍ എഴുതപ്പെടേണ്ട. ആവുന്നത്റ ശ്വാസമെടുത്ത് ഉച്ചത്തില്‍ പറഞ്ഞു. "നീല്‍ക്ക്, നിങ്ങള്‍ ഒരു പുലിയോ, അതോ വെറും പൂച്ചയോ? " അത് കൊണ്ടു. പൂച്ചക്ക് ഉത്തരം മുട്ടി. അതാണു വാക്കിന്‍റ്റെ ശക്തി. ഭാഷയില്‍ വാക്കുകള്‍ അറിഞ്ഞു പ്റയോഗിക്കണം. വേണ്ടിടത്ത്, അര്‍ത്ഥമറിഞ്ഞ്.
പുലിയോ അതോ വെറും പൂച്ചയോ. ആ വെറും എന്ന പ്റയോഗം പൂച്ചയെ നിസ്തേജനാക്കി. ഇനി പൂച്ച എന്നാ അസ്തിത്വം തനിക്ക് നാണക്കേടാണ്. താന്‍ കെട്ടിപ്പൊക്കിയ സര്‍വ പ്റതിച്ഛായയും ഇടിഞ്ഞു വീഴും. പുലി തന്നെ ആയാലേ ഇവനു മുന്നില്‍ മേല്‍ക്കോയ്മ ഉണ്ടാകൂ. " എടാ, പുലിയും പൂച്ചയും ഒരേ കുടുംബക്കാര്‍ തന്നെ. ഞാന്‍ പുലി തന്നെ പുലി." ദ്വന്ദ വ്യക്തിത്വം സ്വീകരിച്ചാലുള്ള ചതി പൂച്ച അറിഞ്ഞില്ല. എലി ഓര്‍ത്തു ഒരു നീക്കം താന്‍ ജയിച്ചിരിക്കുന്നു. കൈകള്‍ കൂപ്പി തലയുയര്‍ത്തി നിന്ന് എലി പറഞ്ഞു. 
" വലിയ മാര്‍ജ്ജാര ശ്റേഷ്ഠ! കാരുണ്യമാണ് ഭൂമിയുടെ ആര്‍ദ്രത. എന്‍റ്റെ പ്റാണന്‍ വിട്ടു തരുമാറാകണം." 
(ഹൊ, പണ്ട് പല്ലിന്‍റ്റെ കിരുകിരുപ്പ്‌ തീര്‍ക്കാന്‍ മലയാളം മാഷ് കം ലൈബ്റേ റിയന്‍ ആയ ദാമോദരന്‍ മാഷടെ അലമാരിയില്‍ നിന്ന് കരണ്ട പുസ്തകങ്ങളില്‍ ഓ.വി. വിജയന്‍റ്റെ കൃതികള്‍ ഉണ്ടായത് എത്റ ശുഭകരം എന്ന് എലി ഓര്‍ത്തു.) പൂച്ചയ്ക്ക് ആകെ കലി  കയറി ഈ നിസ്സാരന്‍ പറഞ്ഞു പറഞ്ഞു ജയിക്കുന്നോ. വിശപ്പും കൊതിയും കൊണ്ട് കണ്ണു കാണാതായി നില്‍ക്കുംപോഴാണ് ഒരു ഭക്തി പ്റഭാഷണം. " എടാ, പുല്ലേ..(ഇവിടെ മറ്റൊരു പദമാണ്‌ ധര്‍മ പുരാണത്തില്‍ വിജയന്‍ ഉപയോഗിക്കുന്നത്) നിന്നെ പിടിച്ചു തിന്നാന്‍  എനിക്ക് ഒരു ന്യായവും നോക്കേണ്ടടാ.. വിശന്നു ഗതികെട്ടു നീല്‍ക്കുകയാണ് ഞാന്‍." അതാണ് സംഭവിക്കുന്നത്‌. ന്യായങ്ങള്‍ ഇല്ലാതായാല്‍ അധീശ വര്‍ഗ്ഗം പിന്നെ നീതി ധ്വംസനമാണു ചെയ്യുക. ഒരു വര്‍ഗ്ഗത്തെ കീഴ്പ്പെടുത്താന്‍ ഒരു വഴി അവന്‍റ്റെ ഭാഷ നശിപ്പിക്കുക എന്നതാണ്. പിന്നെ അവന്‍റ്റെ സംസ്കാരം. അതുപോലെ തന്നെ നിസ്സഹായനും നിരാലംബനും ഒരു ആയുധവും അവന്‍റ്റെ ഭാഷ തന്നെ. 
" ചതുഷ്പാദ കുലോത്തമാ, ഗതികെട്ടാല്‍ പുലി പുല്ലാണ് തിന്നുക. എലിയെയല്ല. അങ്ങനെയാണു ശാസ്ത്റങ്ങളിലും പഴഞ്ചൊല്ലിലും പറയുന്നത്." എലി മറ്റൊരു മൊഴിയമ്പു കൂടി തൊടുത്തു. 
"ഊം ..." പൂച്ച അരിശം കൊണ്ടു മുരണ്ടു. ധര്‍മ സങ്കടത്തിലായി. താന്‍ ഊതി വീര്‍പ്പിച്ച പ്റതിച്ഛായ കളയാനും വയ്യ, ഇരയെ നഷ്ടപ്പെടുത്താനും വയ്യ. പുലി എലിയെ തിന്നുന്ന ന്യായം ഏതു ശാസ്തറങ്ങളിലുന്ട്? പൂച്ച ആകെ പതറി. ക്റോധം കൂടിയാല്‍ വിവേകം പോയിട്ട് സാമാന്യ ബുദ്ധി കൂടി നഷ്ടപ്പെടും. അതും ഒരു യുദ്ധ തന്ത്റമാണ്. ശത്റുവിനെ കോപാകുലനാക്കുക. പിന്നെ അവന്‍ സാമാന്യ ബുദ്ധി നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ അബദ്ധങ്ങളില്‍ ചെന്നു ചാടും. 

പൂച്ച മുന്‍കാലുകളില്‍ തലയമര്‍ത്തി ഒന്നു പതുങ്ങി.എന്തു ചെയ്യണം? ചാടണോ? ഒരു നിമിഷ നേരം ചിന്തിച്ചു.
അതു മതി. ഒരു മാത്റ, അനന്തമായ കാലത്തിന്‍റ്റെ ഒരു മാത്റ. ഒരു നൊടിയിട. അവസരം അത്റയേ ലഭിക്കൂ. 
ഈശ്വരന്‍ കാരുണ്യവാനാണ്. തന്‍റ്റെ സൃഷ്ടികളെല്ലാം അദ്ദേഹത്തിന് ഒരു പോലെ. ഇരയും വേട്ടക്കാരനും ഒന്നും പക്ഷഭേദമില്ല. പക്ഷേ ഓരോരുത്തര്‍ക്കും അവരവരുടെ വിജയത്തിനുള്ള ഒരു അവസരം, ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അദ്ദേഹം ഇട്ടു കൊടുക്കും. അത് കണ്ടെത്തി, നഷ്ടപ്പെടുത്താതെ പിടിച്ചു കയറുന്നവനാണ് ജീവിത വിജയം.  

എലി ഓര്‍ത്തു. ഇതു തന്നെ അവസരം. ഈ നിമിഷം, ഇതു വ്യര്‍ത്ഥമാക്കരുത്.  

പുറകോട്ട് അല്‍പ്പം നീങ്ങി ചുവരില്‍ ചവിട്ടി, സകല ശക്തിയും സംഭരിച്ച്, മുന്‍കാലില്‍ പതുങ്ങി നില്‍ക്കുന്ന പൂച്ചക്കു മുകളിലൂടെ ഒറ്റച്ചാട്ടം. ഓടി മേശപ്പുറത്തു കൂടെ കയറി, ചുവരിലൂടെ വെന്‍റ്റിലേഷന്‍ ദ്വാരത്തിലൂടെ എത്തി. ഒരു നിമിഷം തിരിഞ്ഞു നോക്കി. പിന്നീട് പുറത്തേക്ക്, നിലാവു പരക്കുന്ന സ്വാതന്ത്‌റ്യത്തിലേക്ക്, ആ മൂഷിക വീരന്‍ ഒറ്റച്ചാട്ടം. ശരീരം ഭാരരഹിതമായി ഒരു തൂവല്‍ പോലെ താഴോട്ടു പറന്നിറങ്ങുന്നതായി ആ ജേതാവിനു തോന്നി..

                                                                   **   #   *** 




Wednesday, March 12, 2014

സൌവര്‍ണിനി

                                     



  ----------  കുറിപ്പ് 
                                                                          സൌവര്‍ണിനി                      -മനോജ്‌ വര്‍മ 
    
വീണ്ടുമവള്‍ പൂത്തുലഞ്ഞു.
എന്‍റ്റെ വീടിനു മുന്നിലെ കണിക്കൊന്ന.
നിറയെ  കാശുമാലയും എളക്കത്താലിയും ചാര്‍ത്തി വന്ന തരുണി. കഴിഞ്ഞ വര്‍ഷവും പൂത്തിരുന്നു. ഇതു പോലെ വിഷുവിനു മുന്‍പേ തന്നെ. അയ്യപ്പപ്പണിക്കര്‍ പാടിയതു കൊണ്ടാണത്റേ..
            
                               കണിക്കൊന്നയല്ലേ  വിഷുക്കാലമല്ലേ 
                               പൂക്കാതിരിക്കാനെനിക്കാവതല്ലേ... 
ഹ..ഹ .. ഇത്തവണ ഞാന്‍ അവളോടു പറഞ്ഞു. അതേയ്, പണിക്കര്‍ പാടിയത് ഞാനൊന്നു മാറ്റിപ്പാടാം.
                                കണിക്കൊന്ന നീയേ സുമശ്റേഷ്ഠയല്ലേ 
                                എഴുതാതിരിക്കാനെനിക്കാവതല്ലേ..
വിഷുവിനു മുന്‍പേ തന്നെ ഇത്തവണയും വന്നിരിക്കുന്നു കോമളാംഗി. കൃശഗാത്റി.
                                 *              *              *              *

കഴിഞ്ഞാണ്ട്  ഞാനിതു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞതോര്‍ക്കുന്നു.കൊന്ന നേരത്തേ പൂക്കുന്നതിന് ഒരു കാരണം ഉണ്ട് എന്ന്. സസ്യങ്ങള്‍ക്ക് തളിര്‍ക്കാനും പൂക്കാനും സൂര്യപ്റകാശം വേണം.അപ്പോള്‍ ഒരു വര്‍ഷത്തില്‍ ആവശ്യത്തിനു  സൂര്യപ്റകാശം ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ പൂക്കും. ഇപ്പോള്‍ വിഷു വരെ കാത്തിരിക്കാന്‍ സമയമില്ലാതെ കൊന്ന പൂത്തിരിക്കുന്നു. അതിനാല്‍ ആവശ്യമുള്ള സൂര്യപ്റകാശം നേരത്തേ ലഭിച്ചു കഴിഞ്ഞു എന്നല്ലേ മനസ്സിലാക്കേണ്ടത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂമിയില്‍ വേനല്‍ അധികരിക്കുന്നു എന്നല്ലേ? ഊഷരമാകുന്ന ഭൂമിയേയും,മനസ്സുകളേയും ഇതു സൂചിപ്പിക്കുന്നില്ലേ? T. S. Eliot പറഞ്ഞത് " april is the cruelest month" എന്നാണ്. താപ വര്‍ദ്ധനയേയും തദ്വാരാ ഉരുകാന്‍ കാത്തിരിക്കുന്ന ഹിമശൃംഗങ്ങളേയും കുറിച്ച് ഓ.വി. വിജയന്‍ ആകുലപ്പെട്ടിരുന്നു. ഓസോണ്‍ പാളികളിലെ വിള്ളലിനെക്കുറിച്ച് നിരന്തരം ആശങ്കാക്കുറിപ്പുകള്‍ അദ്ദേഹം എഴുതിയിരുന്നു. വിജയന്‍റ്റെ വിഷാദ പ്റവചനം വേഗത്തിലാവുകയാണോ? ഓ, പരിഭ്റമിച്ചിട്ടു കാര്യമൊന്നുമില്ല. മനുഷ്യന്‍ വരുത്തി വെക്കുന്ന അനര്‍ത്ഥങ്ങളുടെ ഫലം മനുഷ്യനോടൊപ്പം പാവം ജന്തുസസ്യജാലങ്ങളും അനുഭവിക്കണം എന്ന് മനുഷ്യനായ ഞാന്‍ അറിയുന്നു. കാസ്സിയ ഫിസ്റ്റുല എന്നാണ് കണിക്കൊന്നയുടെ സസ്യ നാമം. 
                                 *             *             *             *

എന്തിന് ഈ സുന്ദരിയെക്കണ്ട ഞാന്‍ ഇങ്ങനെ ഋണ രേഖയില്‍ ചിന്തിക്കുന്നു? അവള്‍ക്ക് ഇതു വല്ലതും അറിയാമോ? അതിനാല്‍ സന്തോഷിക്കുക തന്നെ. അണ്ഡ കടാഹങ്ങളെ മുഴുവന്‍ ശ്റദ്ധിക്കുന്നതിനിടയിലും എന്നെ പ്റത്യേകം ഓര്‍ത്ത് ഈ നിമിഷം എനിക്കു നല്‍കിയ ഈശ്വരനു നന്ദി. വൈക്കം മുഹമ്മദു ബഷീര്‍ പറഞ്ഞ പോലെ ' പ്റപഞ്ചമേ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ വെക്കട്ടെ'. 
അതുകൊണ്ട് ഞാന്‍ ഈ ലജ്ജാവതിയോട് പറഞ്ഞു. നോക്ക്, വയലാറിന്‍റ്റെ വരികള്‍ ഒന്നു മാറ്റി മറിച്ചിട്ട് ഞാന്‍ നിനക്കായി പാടാം.  

                                               പീതാവസനമാളുന്ന സൗമിനി                    
                                               നിനക്കാവട്ടെ, ഗീതാഞ്ജലി 
                                                     
                                                    ******$ $ $ *******








Friday, March 7, 2014

രാധേയന്‍

കവിത 
                        രാധേയന്‍
                                               -മനോജ്‌ വര്‍മ  

അമ്മേ -
വിറയ്ക്കുന്ന പാദം പിടയ്ക്കുന്ന നെഞ്ചുമാ-
യിന്നു നീയെന്‍  മുന്നിലെത്തി.
അസ്തമനരാശിയിലെരിയുന്ന സൂര്യന്‍റ്റെ-
യെതിരെ നിന്നെന്തു നീ ചൊല്ലി..
ജയിക്കേണ്ടതെന്നുമെന്നിളയവന്നവനായി 
വില പേശുവാനമ്മ വന്നു.

നീ മൊഴിഞ്ഞ നീതിസാരങ്ങള്‍-
അവനു വേണ്ടി ത്യജിക്കേണ്ടതെന്‍റ്റെ കൈവല്യം
അവനു വേണ്ടി  തോല്‍ക്കേണ്ടതെന്‍റ്റെ കര്‍ത്തവ്യം.

വിഷാദം പുതച്ച നിന്‍ പിന്‍മടക്കത്തില്‍ ഞാന്‍ 
പിന്‍വിളി വിളിക്കാതെ നിന്നു.
ഓര്‍പ്പു ഞാനമ്മേയെന്‍ പടിക്കല്‍ കൂടി 
നിന്‍ രാജരഥമെത്റ പാഞ്ഞു.
അപ്പൊഴെങ്ങാനും പറന്നുവോ നിന്‍ മിഴി 
ശ്ശലഭ ദ്വയങ്ങളെന്‍ നേരെ?
ഏറെക്കുതൂഹലാല്‍ ഞാനോടിയെത്തവേ
പൊടിയാര്‍ന്ന രഥമത്റെ കണ്ടു.

അമ്മെ-

കൊട്ടാരക്കെട്ടിലില്‍ ആയമാര്‍ പാടുന്ന 
താരാട്ടിലല്ലെന്‍റ്റെയമ്മ
കണ്ണില്‍ തടാകം കനക്കുന്ന നേരത്തു 
തപിക്കുന്ന നെറ്റിമേല്‍ അലിവോടെ ചേര്‍ക്കുന്ന
കയ്യാണെനിക്കെന്‍റ്റെയമ്മ
ജപിക്കുന്ന രാത്റിയില്‍ വര്‍ഷം പിടക്കുംപോള്‍
ഇടനെഞ്ഞു ചേര്‍ന്നുകിടക്കവേ കേള്‍ക്കുന്ന
ഹൃദയത്തുടിപ്പെന്‍റ്റെയമ്മ 
                 ---$$ ---


കണ്ണീരിന് മധുരം

                                                                        Photo: കണ്ണീരിന് മധുരം 
                                                                --------------------- 
                                                                                                                - മനോജ്‌ വര്‍മ 

പറഞ്ഞു കേട്ടാലും 
നേരിട്ട് കണ്ടാലും 
ആരും വിശ്വസിക്കില്ല 
പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ. ജോണ്‍സനു പോലും.
(കഥ - " ആ കുഞ്ഞ് ജോണ്‍സനെ കട്ടു - രഘുനാഥ് പലേരി )
                          ------- 
ജോണ്‍സനു മാത്റമല്ല, എനിക്കും. 
ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ.
കഴിഞ്ഞാഴ്ച എന്‍റ്റെ സുഹൃത്ത്‌ കഥാകൃത്ത്‌ എന്‍.രാജന്‍ വിളിച്ചു. ഒരാള്‍ക്ക് സംസാരിക്കണം.ശരി, ഞാന്‍ കാതോര്‍ത്തു. 
അങ്ങേ തലയ്ക്കല്‍ ആകാശത്തേക്കുള്ള കിളി വാതിലിലൂടെ ഒരു അപരിചിത ശബ്ദം.
"ഞാന്‍ രഘുനാഥ് പലേരി."
അപാദചൂഡം ഒരു വിദ്യുത് പ്റഭ. ഈശ്വരന്‍റ്റെ അത്താഴ വിരുന്നിലേക്ക് ക്ഷണം കിട്ടിയ പോലെ.ആകസ്മികതകള്‍ കഥയില്‍ മാത്റമല്ല ജീവിതത്തിലും വരും എന്ന് ഈയിടെയായി എനിക്ക് കാണിച്ചു തരുന്നുണ്ട് ഈശ്വരന്‍.ആകസ്മികതകള്‍ അത്ഭുതങ്ങളല്ല. 
"നിങ്ങളെ ക്കുറിച്ചു ഞാന്‍ വായിച്ചു." വീണ്ടും രഘുനാഥ് പലേരിയുടെ ശബ്ദം.(എന്‍റ്റെയും രാജന്‍റ്റെയും കണ്ടുമുട്ടലിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയാവും സൂചിപ്പിക്കുന്നത്)പെട്ടന്ന് ഒരു ചലച്ചിത്റത്തിന്‍റ്റെ trailor പോലെ എന്ടെ ഓര്‍മകള്‍ പുറകോട്ടു പോയി. എത്റ കാലം, എത്റ കാലം വായിച്ച് ഹരം പിടിച്ചു നടന്നതാണ് പലേരിയുടെ കഥകള്‍.(ഇപ്പോഴും).  ആകാശത്തേക്ക് ഒരു കിളി വാതില്‍, ആ കുഞ്ഞു ജോണ്‍സനെ കട്ടു, ധര്‍മ്മ ദര്‍ശനം, മകന്‍ എന്നോ വന്നിരുന്നല്ലോ, കണ്ണീരിനു മധുരം, ഈശ്വരന്‍ കാണാത്ത പെണ്‍കുട്ടി, ...പറഞ്ഞാല്‍ തീരില്ല.
 "ഒന്ന് മുതല്‍ പൂജ്യം വരെ" എന്ന സിനിമ എത്റ മോഹിച്ച്, വായിച്ച്, ചര്‍ച്ച ചെയ്ത് കണ്ടതാണ് ഞാനും എന്‍റ്റെ പ്റിയ സുഹൃത്ത്‌ റോയിച്ചനും( റോയ് പോള്‍ കാട്ടൂക്കാരന്‍).  ഞാന്‍ ഒരു ഉന്മാദിയെപ്പോലെ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു, അദ്ദേഹത്തിന്‍റ്റെ കഥകളെക്കുറിച്ച്. 
"എനിക്ക് ഇപ്പോള്‍ ആനന്ദക്കണ്ണീരാണ് സര്‍.കണ്ണീരിനു മധുരം" ഇടക്ക് ഞാന്‍ പറഞ്ഞു.എല്ലാത്തിനും അദ്ദേഹം ചിരിയുടെ സംഗീതത്താ ല്‍ മറുപടി നല്‍കി. 
"ഫോണ്‍ നമ്പര്‍ തരാമോ സര്‍,ഞാന്‍ ബുദ്ധിമുട്ടിക്കില്ല..വല്ലപ്പോഴും ശ്റദ്ധിച്ചു, സൂക്ഷിച്ചേ വിളിക്കൂ." ഞാന്‍ ചോദിച്ചു. 
"ഓ അതിനെന്താ" ദയാപൂര്‍വം അദ്ദേഹം 'ഒന്ന് മുതല്‍ പൂജ്യം വരെയുള്ള' അക്കങ്ങളില്‍ നിന്ന് തന്‍റ്റെ നമ്പര്‍ പറഞ്ഞു തന്നു.ഇടക്ക് വിളിക്കാം എന്ന് പറഞ്ഞുവോ... ഞാന്‍ എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. 
ഒരു മഞ്ഞ മന്ദാരം ആഗ്രഹിച്ചപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം തന്നെ മുന്നില്‍ തുറന്നതായി എനിക്ക് തോന്നി. മഞ്ഞു പര്‍വതം ഇടിയും പോലെ (avalanche) ഞാന്‍ സംസാരിക്കുകയാണെന്ന് എനിക്കു തന്നെ തോന്നിയപ്പോള്‍ ഞാന്‍ വിരമിച്ചു. 
"ഞാനിങ്ങനെ അധികം സംസാരിച്ചു പോകും സര്‍" - കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഒടുവില്‍ ഇതിനു വഴിയൊരുക്കിയ 'എന്‍.രാജന്‍' എന്ന സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ പലേരിയുടെ തന്നെ മറ്റൊരു കഥയുടെ ശീര്‍ഷകം  തെളിഞ്ഞു വന്നു.
                               "നക്ഷത്റമായ്  മൂന്നക്ഷരം"         
                                           ---

  അനുഭവം 

                             കണ്ണീരിന് മധുരം 
                                                     
                                                                                                                                                                                                                                                 - മനോജ്‌ വര്‍മ 

പറഞ്ഞു കേട്ടാലും
നേരിട്ട് കണ്ടാലും
ആരും വിശ്വസിക്കില്ല
പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ. ജോണ്‍സനു പോലും.
(കഥ - " ആ കുഞ്ഞ് ജോണ്‍സനെ കട്ടു - രഘുനാഥ് പലേരി )
-------
ജോണ്‍സനു മാത്റമല്ല, എനിക്കും.
ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. പക്ഷെ വിശ്വസിക്കാതിരിക്കാന്‍ വയ്യ.
കഴിഞ്ഞാഴ്ച എന്‍റ്റെ സുഹൃത്ത്‌ കഥാകൃത്ത്‌ എന്‍.രാജന്‍ വിളിച്ചു. ഒരാള്‍ക്ക് സംസാരിക്കണം.ശരി, ഞാന്‍ കാതോര്‍ത്തു.
അങ്ങേ തലയ്ക്കല്‍ ആകാശത്തേക്കുള്ള കിളി വാതിലിലൂടെ ഒരു അപരിചിത ശബ്ദം.
"ഞാന്‍ രഘുനാഥ് പലേരി."
അപാദചൂഡം ഒരു വിദ്യുത് പ്റഭ. ഈശ്വരന്‍റ്റെ അത്താഴ വിരുന്നിലേക്ക് ക്ഷണം കിട്ടിയ പോലെ.ആകസ്മികതകള്‍ കഥയില്‍ മാത്റമല്ല ജീവിതത്തിലും വരും എന്ന് ഈയിടെയായി എനിക്ക് കാണിച്ചു തരുന്നുണ്ട് ഈശ്വരന്‍. ആകസ്മികതകള്‍ അത്ഭുതങ്ങളല്ല.
"നിങ്ങളെ ക്കുറിച്ചു ഞാന്‍ വായിച്ചു." വീണ്ടും രഘുനാഥ് പലേരിയുടെ ശബ്ദം.(എന്‍റ്റെയും രാജന്‍റ്റെയും കണ്ടുമുട്ടലിനെക്കുറിച്ച് മാധ്യമത്തില്‍ വന്ന വാര്‍ത്തയാവും സൂചിപ്പിക്കുന്നത്)പെട്ടന്ന് ഒരു ചലച്ചിത്റത്തിന്‍റ്റെ trailor പോലെ എന്ടെ ഓര്‍മകള്‍ പുറകോട്ടു പോയി. എത്റ കാലം, എത്റ കാലം വായിച്ച് ഹരം പിടിച്ചു നടന്നതാണ് പലേരിയുടെ കഥകള്‍.(ഇപ്പോഴും). ആകാശത്തേക്ക് ഒരു കിളി വാതില്‍, ആ കുഞ്ഞു ജോണ്‍സനെ കട്ടു, ധര്‍മ്മ ദര്‍ശനം, മകന്‍ എന്നോ വന്നിരുന്നല്ലോ, കണ്ണീരിനു മധുരം, ഈശ്വരന്‍ കാണാത്ത പെണ്‍കുട്ടി, ...പറഞ്ഞാല്‍ തീരില്ല.
"ഒന്ന് മുതല്‍ പൂജ്യം വരെ" എന്ന സിനിമ എത്റ മോഹിച്ച്, വായിച്ച്, ചര്‍ച്ച ചെയ്ത് കണ്ടതാണ് ഞാനും എന്‍റ്റെ പ്റിയ സുഹൃത്ത്‌ റോയിച്ചനും( റോയ് പോള്‍ കാട്ടൂക്കാരന്‍). ഞാന്‍ ഒരു ഉന്മാദിയെപ്പോലെ അദ്ദേഹത്തോട് പറഞ്ഞു കൊണ്ടിരുന്നു, അദ്ദേഹത്തിന്‍റ്റെ കഥകളെക്കുറിച്ച്.
"എനിക്ക് ഇപ്പോള്‍ ആനന്ദക്കണ്ണീരാണ് സര്‍.കണ്ണീരിനു മധുരം" ഇടക്ക് ഞാന്‍ പറഞ്ഞു.എല്ലാത്തിനും അദ്ദേഹം ചിരിയുടെ സംഗീതത്താ ല്‍ മറുപടി നല്‍കി.
"ഫോണ്‍ നമ്പര്‍ തരാമോ സര്‍,ഞാന്‍ ബുദ്ധിമുട്ടിക്കില്ല..വല്ലപ്പോഴും ശ്റദ്ധിച്ചു, സൂക്ഷിച്ചേ വിളിക്കൂ." ഞാന്‍ ചോദിച്ചു.
"ഓ അതിനെന്താ" ദയാപൂര്‍വം അദ്ദേഹം 'ഒന്ന് മുതല്‍ പൂജ്യം വരെയുള്ള' അക്കങ്ങളില്‍ നിന്ന് തന്‍റ്റെ നമ്പര്‍ പറഞ്ഞു തന്നു.ഇടക്ക് വിളിക്കാം എന്ന് പറഞ്ഞുവോ... ഞാന്‍ എവിടെയാണ് താമസിക്കുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.
ഒരു മഞ്ഞ മന്ദാരം ആഗ്രഹിച്ചപ്പോള്‍ ഒരു സൂര്യകാന്തിപ്പാടം തന്നെ മുന്നില്‍ തുറന്നതായി എനിക്ക് തോന്നി. മഞ്ഞു പര്‍വതം ഇടിയും പോലെ (avalanche) ഞാന്‍ സംസാരിക്കുകയാണെന്ന് എനിക്കു തന്നെ തോന്നിയപ്പോള്‍ ഞാന്‍ വിരമിച്ചു.
"ഞാനിങ്ങനെ അധികം സംസാരിച്ചു പോകും സര്‍" - കേട്ടപ്പോള്‍ അദ്ദേഹം ചിരിച്ചു.
ഒടുവില്‍ ഇതിനു വഴിയൊരുക്കിയ 'എന്‍.രാജന്‍' എന്ന സുഹൃത്തിനെ ഓര്‍ത്തപ്പോള്‍ പലേരിയുടെ തന്നെ മറ്റൊരു കഥയുടെ ശീര്‍ഷകം തെളിഞ്ഞു വന്നു.
                                                   "നക്ഷത്റമായ് മൂന്നക്ഷരം"
                                                                   ---

പെണ്ണെഴുത്ത്‌

                                                                                           
                                                           Photo: പെണ്ണെഴുത്ത്‌ 
                                               ------------------- 
                                                                              - മനോജ്‌ വര്‍മ

ഞായറാഴ്ച രാവിലെ ദീപ ഉണ്ടാക്കിത്തന്ന പുട്ടും കടലയും കഴിച്ചു കഴിഞ്ഞപ്പോഴാണ് ആലോചിച്ചത്, ഇന്ന് സ്വന്തം പ്റതിഭയെ അല്പ്പം പരിപോഷിപ്പിച്ചു കളയാം. ഒരു കഥയും ഒരു കവിതയും ഒരുമിച്ചു വായിച്ചാലെന്താ? ആഹാ, ജുഗല്‍ബന്ദി (ഹോ, എന്‍റ്റെ ഒരു ഐഡിയ, എന്നെക്കൊണ്ട് ഞാന്‍ തോറ്റു!) ഉമ്മറത്ത്‌ കിളികളേയും പൂക്കളേയും നോക്കി ഇരുന്നു. സര്‍ഗ്ഗശക്തി ഉണരാന്‍ ദീപ ചായ ഉണ്ടാക്കി കൊണ്ടു തന്നു.കയ്യില്‍ കിട്ടിയ കഥ അഷിതയുടെ ' സ്തംഭനങ്ങള്‍', കവിത വിജയലക്ഷ്മിയുടെ 'ഭാഗവതം'. രണ്ടും ഒറ്റയിരിപ്പിനു വായിച്ചു, ധ്യാനിച്ചു. ഗംഭീരം. ഏതാണ് കവിത, ഏതാണ് കഥ എന്നു തന്നെ സംശയം വരും . പെണ്ണുങ്ങള്‍ (സ്ത്റീകള്‍ എന്നു സംബോധന ചെയ്യണം എന്നാണ് എന്‍റ്റെ ഒരു ബന്ധു സ്ത്റീ പറയാറ് ) എത്റ ചേതോഹരമായാണ് സാഹിത്യ സൃഷ്ടി നടത്തുന്നത്.ഞാന്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ദീപയെ വിളിച്ചു, ഈ വായനാസുഖം പങ്കു വെക്കാന്‍.മറുപടിയില്ല. കെ.ആര്‍.മീരയുടെ 'ആരാച്ചാര്‍'      മുഴുവന്‍ വായിക്കാന്‍ വേണ്ട നേരം കഴിഞ്ഞിട്ടും ദീപ പ്റതികരിച്ചില്ല. സഹികെട്ട് അകത്തു പോയി നോക്കി.അടുക്കളയില്‍ കഴിഞ്ഞാഴ്ച അവര്‍ തന്നെ വാങ്ങി, താങ്ങിപ്പിടിച്ചു കൊണ്ടു വന്ന കണ്ണിമാങ്ങകള്‍ കടുമാങ്ങയാക്കാനുള്ള ശ്റമമാണ്. കൈകള്‍ നിറയെ കാളിക്ക് ഗുരുതി പൂജ നടത്തിയ പോലെ ചുമന്നിട്ടുണ്ട്, മുളകുപൊടിയാല്‍. 

"എത്റ നേരമായി വിളിക്കുന്നു, ഇതൊക്കെ വായിച്ചു നോക്കാന്‍" - ഞാന്‍ അക്ഷമനായി.
"അപ്പോള്‍ കടുമാങ്ങ കൂട്ടണ്ടെ, വലിയ പ്റിയമല്ലേ? അവധി ദിന ഉച്ചയൂണിനു കടുമാങ്ങയില്ലെങ്കില്‍ പറ്റുമോ? " ദീപ ചോദിച്ചു. 

ബോധധാര സംപ്റദായം എനിക്കു വെളിവായി.

ശരിയാണ്, കടുമാങ്ങ എനിക്കു വളരെ ഇഷ്ടമാണ്. നല്ല ചൊനയുള്ള ഇളം കണ്ണിമാങ്ങ കൊണ്ടുള്ള കടുമാങ്ങ. അതും കൂട്ടി കുശാലായ ഊണു കഴിച്ചാല്‍ പിന്നെ ഉച്ചയുറക്കം ഡോണ്‍ നദി പോലെ ശാന്തമായി ഒഴുകും. അഷിതയും വിജയലക്ഷ്മിയും കല്ലെറിഞ്ഞ് ഓളങ്ങള്‍ ഉണ്ടാക്കാതിരുന്നെങ്കില്‍.



   കഥ                      
                                                  പെണ്ണെഴുത്ത്‌ 

                                                                                                                                                                                                                                               - മനോജ്‌ വര്‍മ

ഞായറാഴ്ച രാവിലെ ഭാര്യ  ഉണ്ടാക്കിക്കൊടുത്ത പുട്ടും കടലയും കഴിച്ചു കഴിഞ്ഞപ്പോഴാണ് അയാള്‍  ആലോചിച്ചത്, ഇന്ന് സ്വന്തം പ്റതിഭയെ അല്പ്പം പരിപോഷിപ്പിച്ചു കളയാം. ഒരു കഥയും ഒരു കവിതയും ഒരുമിച്ചു വായിച്ചാലെന്താ? ആഹാ, ജുഗല്‍ബന്ദി (ഹോ, തന്‍റ്റെ ഒരു ഐഡിയ,തന്നെക്കൊണ്ട് താന്‍ തോറ്റു!) ഉമ്മറത്ത്‌ കിളികളേയും പൂക്കളേയും നോക്കി ഇരുന്നു. സര്‍ഗ്ഗശക്തി ഉണരാന്‍ ഭാര്യ  ചായ ഉണ്ടാക്കി കൊണ്ടു കൊടുത്തു.കയ്യില്‍ കിട്ടിയ കഥ അഷിതയുടെ ' സ്തംഭനങ്ങള്‍', കവിത വിജയലക്ഷ്മിയുടെ 'ഭാഗവതം'. രണ്ടും ഒറ്റയിരിപ്പിനു വായിച്ചു, ധ്യാനിച്ചു. ഗംഭീരം. ഏതാണ് കവിത, ഏതാണ് കഥ എന്നു തന്നെ സംശയം വരും . പെണ്ണുങ്ങള്‍ (സ്ത്റീകള്‍ എന്നു സംബോധന ചെയ്യണം എന്നാണ് അയാളുടെ ഒരു ബന്ധു സ്ത്റീ പറയാറ് ) എത്റ ചേതോഹരമായാണ് സാഹിത്യ സൃഷ്ടി നടത്തുന്നത്. അയാള്‍ ഇരുന്ന ഇരിപ്പില്‍ തന്നെ ഭാര്യയെ വിളിച്ചു, ഈ വായനാസുഖം പങ്കു വെക്കാന്‍. മറുപടിയില്ല. കെ.ആര്‍.മീരയുടെ 'ആരാച്ചാര്‍' മുഴുവന്‍ വായിക്കാന്‍ വേണ്ട നേരം കഴിഞ്ഞിട്ടും ഭാര്യ  പ്റതികരിച്ചില്ല. സഹികെട്ട് അകത്തു പോയി നോക്കി.അടുക്കളയില്‍ കഴിഞ്ഞാഴ്ച അവര്‍ തന്നെ വാങ്ങി, താങ്ങിപ്പിടിച്ചു കൊണ്ടു വന്ന കണ്ണിമാങ്ങകള്‍ കടുമാങ്ങയാക്കാനുള്ള ശ്റമമാണ്. കൈകള്‍ നിറയെ കാളിക്ക് ഗുരുതി പൂജ നടത്തിയ പോലെ ചുമന്നിട്ടുണ്ട്, മുളകുപൊടിയാല്‍.

"എത്റ നേരമായി വിളിക്കുന്നു, ഇതൊക്കെ വായിച്ചു നോക്കാന്‍" - അയാള്‍  അക്ഷമനായി.
"അപ്പോള്‍ കടുമാങ്ങ കൂട്ടണ്ടെ, വലിയ പ്റിയമല്ലേ? അവധി ദിന ഉച്ചയൂണിനു കടുമാങ്ങയില്ലെങ്കില്‍ പറ്റുമോ? " ഭാര്യ ചോദിച്ചു.

ബോധധാര സംപ്റദായം അയാള്‍ക്കു വെളിവായി.

ശരിയാണ്, കടുമാങ്ങ അയാള്‍ക്കു വളരെ ഇഷ്ടമാണ്. നല്ല ചൊനയുള്ള ഇളം കണ്ണിമാങ്ങ കൊണ്ടുള്ള കടുമാങ്ങ. അതും കൂട്ടി കുശാലായ ഊണു കഴിച്ചാല്‍ പിന്നെ ഉച്ചയുറക്കം ഡോണ്‍ നദി പോലെ ശാന്തമായി ഒഴുകും. അഷിതയും വിജയലക്ഷ്മിയും കല്ലെറിഞ്ഞ് ഓളങ്ങള്‍ ഉണ്ടാക്കാതിരുന്നെങ്കില്‍.

                                                -----$$$ -------

Wednesday, March 5, 2014

പെരുവിരല്‍


കഥ -                                                പെരുവിരല്‍ 
                                                     ---------------- 
                                                                                                                                                                                                                                       മനോജ്‌ വര്‍മ 
                                                                                                                              
malayalam blogs
                                                                                          

അമ്മയുടെ ഇടംകൈ പെരുവിരല്‍ അയാള്‍ വലം കയ്യിലെടുത്തു. അമ്മ ശബ്ദമില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. ഓര്‍മയുടെ കാoിന്യവും മറവിയുടെ ലാളനയും മാറി മാറി അനുഭവിക്കുന്ന അമ്മ, തന്നെ തിരിച്ചറിഞ്ഞിട്ടാണോ ചിരിക്കുന്നത് എന്ന് അയാള്‍ക്ക് തീര്‍ച്ചയില്ലാതായി. ഉണങ്ങിയ മച്ചിങ്ങയില്‍ തൊടുന്നതു പോലെയായിരുന്നു ഇപ്പോള്‍ അമ്മയുടെ വിരലുകള്‍. മച്ചിങ്ങയില്‍ തന്നെ അയാളുടെ ഓര്‍മകള്‍ ഉടക്കി. കുട്ടിക്കാലത്ത് ഇടക്കിടെ അയാളെ ശല്യപ്പെടുത്തിയിരുന്ന ഒരുച്ചെന്നിക്കുത്ത്. നെറ്റിയുടെ ഇടതു ഭാഗം മാത്റം വരുന്ന ചുളുചുളാക്കുത്ത്. മച്ചിങ്ങ അരച്ച് പുരട്ടിയാല്‍ തലവേദന മാറും എന്നായിരുന്നു അമ്മയുടെ നാട്ടറിവ്. കരഞ്ഞു കൊണ്ടു കിടക്കുന്ന അയാളുടെ നെറ്റിയില്‍ മച്ചിങ്ങ അരച്ച് പുരട്ടി, ഇടത്തേ നെറ്റിയില്‍ ഇടംകൈ പെരുവിരല്‍ കൊണ്ടു അമ്മ നിരന്തരം തടവുമായിരുന്നു.ഇടത്തേ ഞരമ്പിലൂടെ അമ്മയുടെ വിരല്‍ ശ്റുതി മീട്ടുംപോള്‍ പതുക്കെ പതുക്കെ, ഉറങ്ങിയുറങ്ങി വേദനയില്‍ നിന്ന് അയാള്‍ മുക്തനാകുമായിരുന്നു. മച്ചിങ്ങയാണോ, അമ്മയുടെ വിരലാണോ മരുന്നായത് എന്ന് അയാള്‍ക്ക് സന്ദേഹമുണ്ടായിരുന്നു.
ഇടക്കിടെ പുറകില്‍ അച്ഛന്‍റ്റെ ഫോട്ടോയിലേക്കു നോക്കി അമ്മ ചിരിച്ചുകൊണ്ടേയിരുന്നു.വന്നയാളെ കണ്ടില്ലേ, ഇവിടെ വന്നിരിക്കൂ എന്ന മട്ടിലാണ്‌ അമ്മയുടെ ചിരി. അച്ഛന്‍ ഇപ്പോഴും കൂടെയുണ്ടെന്ന ഭാവത്തിലാണ് അമ്മയുടെ പെരുമാറ്റം. ഫോട്ടോയില്‍ അച്ഛന്‍റ്റെ നെറ്റിയില്‍ തൊടുവിച്ച ചന്ദനക്കുറി ഏറെ പഴകിയതാണെന്ന് അതിന്‍റ്റെ 
ഉണക്കം കണ്ടാലറിയാം. അമ്മതന്നെ തൊടുവിച്ചതാണ് അത്. പണ്ട് തന്നേയും അമ്മ തൊടുവിക്കുമായിരുന്നു. പ്റത്യേകിച്ച് കൊല്ലപ്പരീക്ഷ തുടങ്ങുന്ന ദിവസം.വേവലാതിയോടെ നില്‍ക്കുന്ന അയാളുടെ നെറ്റിയില്‍ അമ്പലത്തില്‍ നിന്നു വന്ന് അമ്മ ഇടത്തേ പെരുവിരല്‍ കൊണ്ടു തന്നെ വിസ്തരിച്ച് ഒരു ഗോപി തൊടുവിക്കുമായിരുന്നു. അമ്മയുടെ ഇടംകൈ സ്വാധീനം അയാള്‍ക്ക് കൗതുകമായിരുന്നു. 
"കുട്ടന്‍ ഭഗോതിയെ വിചാരിച്ച് പരീക്ഷ എഴുതിക്കോളൂ.. ട്ടോ" എന്ന ആശീര്‍വാദവും കൂടി കേട്ടാല്‍ പിന്നെ ആത്മവിശ്വാസത്തോടെ സ്കൂളില്‍ പോകുമായിരുന്നു.
പുറത്തു നിര്‍ത്തിയ കാറിന്‍റ്റെ നീട്ടിയടിച്ച ഹോണ്‍ കൂടെ വന്നയാളുടെ അക്ഷമയും അലോസരവും അറിയിച്ചു.

സാവധാനം അയാള്‍ കൂടെ കൊണ്ടുവന്ന സ്റ്റാമ്പ്‌ പാഡ് തുറന്നു. അമ്മയുടെ ഇടത്തേ പെരുവിരല്‍ അതില്‍ അമര്‍ത്തി കയ്യിലുണ്ടായിരുന്ന നെടുകെ മടക്കിയ കട്ടിക്കടലാസിന്‍റ്റെ അടിയില്‍ ചേര്‍ത്തു വെച്ചു.
                                                             
                                                     *       *       *manojavam