Sunday, June 19, 2016

സന്ധ്യാമഴ




സന്ധ്യാമഴ                                                                                              - മനോജ് വർമ
------------------
മഴ വരുന്നതെപ്പോഴും ഭൂതകാലത്തിൽ നിന്നാണ്‌ .അനന്തവീഥിയിൽ പോയ്‌ മറഞ്ഞവരുടെ നാട്ടിൽ നിന്ന് വർത്തമാനത്തിലേക്ക് വന്നു വീഴുന്ന മഴ എന്തൊരു ഓർമപ്പെയ്ത്താ ണ്? ചില്ലു ഞൊറികളിലൂടെ ഇന്ന് കാണുന്നത് ഭൂതകാലത്തിൻെറ നടുമുറ്റമാണ്. ജനിമൃതികളേയും പുനർജ്ജന്മത്തേയും ഓർമപ്പെടുത്തുന്നത് മഴയാണ്. മഴ തന്നെ ഒരു പുനർജന്മമാണല്ലോ .അനന്തതയിൽ നിന്നു വന്ന് പെയ്തൊഴുകി നീലഗഭീരതയിൽ ലയിച്ച് വീണ്ടും ആവിയായ്‌ ഉയർന്ന് ആകാശ വാതായനങ്ങൾ കടന്ന് വീണ്ടും തിരിച്ച് ഭൂമിയിലേക്ക്‌ പുനർജ്ജന്മം. എൻറ്റെ ബാല്യകാലസ്മൃതിയിൽ തപിച്ചിട്ടെന്തു കാര്യം? വൈദ്യുതി ഇല്ലാത്ത വീട്ടിൽ, കടൽമുഴക്കം കേൾക്കുന്ന വർഷകാല ഋതുരാത്രിയിൽ ഇരമ്പിവരുന്ന മഴയെ കേട്ട്, തിരിഞ്ഞു കിടന്നുറങ്ങുന്ന അമ്മയുടെ മുതുകിൽ പറ്റിച്ചേരുന്ന സുഖ സുരക്ഷിതത്വം ഞാൻ ഓർക്കാറുണ്ട്. പക്ഷെ എന്നേക്കാൾ എത്രയോ ഗംഭീരന്മാർ എത്രയോ മുമ്പ് ഈ മഴ അനുഭവിച്ചു കാണും ? പുനർജന്മങ്ങളിൽ വീണ്ടും കണ്ടുമുട്ടുന്നതറിയാതെ, അന്നത്തെ മഴ സത്യമെന്നോർത്തുകാണും ?
ഏറെ ഏറെ മുൻപ് കൊടുംകാട്ടിലെ ഗുഹയിൽ അമ്മ ചുട്ടുകൊടുത്ത കാട്ടു കിഴങ്ങ് അമ്മയുടെ മടിയിലിരുന്ന് ഭക്ഷിച്ചിരുന്ന ഘടോൽക്കചൻ, ഇതുവരെ കാണാത്ത അതികായനായ അച്ഛൻറ്റെ വിശേഷങ്ങൾ അമ്മയിൽ നിന്നു കേൾക്കുമ്പോൾ മഴ സാക്ഷിയായിരുന്നു . ഗുഹാമുഖത്തെ വലിയ പാറയിൽ അച്ഛൻ ഇരിക്കാറുണ്ടായിരുന്ന സ്ഥലത്ത്‌ അമ്മ കാട്ടുമല്ലിക കോർത്ത മാല വെച്ചത് ആ സന്ധ്യാമഴയിൽ നനഞ്ഞിരുന്നു .കാഞ്ഞിരക്കുരു പിളർന്ന് അതിൽ അമ്മ കത്തിച്ചു വെച്ച മൃഗക്കൊഴുപ്പു തിരിനാളം അണഞ്ഞിരുന്നു. വന്യഭംഗിയിൽ വീശിയടിക്കുന്ന കൊടുംകാറ്റ് അമ്മയുടെ കഥകളിലെ അച്ഛനെ ഓർമ്മിപ്പിച്ചിരുന്നു . ദൂരെ മലനിരകളിൽ തിമിർത്തുപെയ്യുന്ന മഴ കുത്തിയൊഴുകി കാട്ടുചോലയിൽ പതിക്കുന്നത് അവൻ നോക്കിയിരുന്നു. ഗുഹയിലേക്ക് ഇരച്ചുകയറിയ ശീതം ചെറുക്കാൻ അവൻ അമ്മയുടെ സമൃദ്ധമായ വയറിൽ മുഖമമർത്തി കിടന്നു. ആ ഗഭീര കാനനത്തിൽ അവർ രണ്ടുപേർ , ഭൂമിയിൽ തന്നെ തനിച്ച് എന്ന പോൽ .
ഇനി അതിനും എത്രയോ മുമ്പ് കാനനവാസക്കാലത്ത് , രാത്രി കാട്ടുചോലയിൽ മേൽ കഴുകാൻ ഇറങ്ങിയ ലക്ഷ്മണൻ ചോലയുടെ മാർത്തട്ടിലേക്ക് ആഞ്ഞുവീഴുന്ന മഴയെ നോക്കി നിന്നപ്പോൾ , ഒരു ക്ഷണമാത്ര ,ഒരു ക്ഷണമാത്ര യോജനകൾപ്പുറം അയോദ്ധ്യയിലെ ഏകാന്ത ഹർമ്യത്തിൽ നിദ്രാവിഹീനയായി ജപിക്കുന്ന ഊർമ്മിളയെ ഓർത്തുപോയിരിക്കാം. അന്നും ഇതുപോലെ മഴയായിരുന്നു.
അവരുടെയെല്ലാം,-എൻറ്റെയും- വാഴ്വിനു മഴ സാക്ഷി. ഇനി മന്വന്തരങ്ങൾക്കുശേഷവും ക്ഷീരപഥത്തിലെങ്ങോ , ഇന്നലെ ശാസ്ത്രം കണ്ടുപിടിച്ച
ജൈവ തന്മാത്രകൾ വളർന്നു വളർന്ന് സ്വപ്നം കാണുമ്പോൾ ആ രാത്രിയിലും മഴയുണ്ടാകും. അനന്തതയിൽ നിന്നു വന്ന്‌ കടലിലലിഞ്ഞ്
ഉയിർത്തെഴുന്നേൽക്കുന്ന മഴ. ആ മഴപ്പെയ്ത്തിലും നനയാൻ ഞാൻ ഉണ്ടാകുമോ ?
നീയപാരതയുടെ നീല ഗംഭീരോദാര
ഛായ നിന്നാശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു .
- ജി