Wednesday, October 1, 2014





തിരുവോണാംഗനേ
------
വരിക തിരുവോണമേ നൈര്‍മല്യ മാനസേ
വനിതകുല മൗലീ മണീരത്നമേ
ഇനി നിന്‍റ്റെ വരവിനാല്‍ സുമമുഗ്ദ്ധമാകട്ടെ 
ധരണിയീ ക്ഷീരപഥ ഋതുവീഥിയില്‍..
നിറമാര്‍ന്ന പൂക്കളം തീര്‍ക്കുമീയോണത്തെ
വരുമെന്നു ചൊല്ലുന്നതത്തമല്ലോ.
അത്തത്തിനില്ലാ മറിച്ചൊരു വാഴ്വിതില്‍
തിരുവോണമില്ലെങ്കിലത്തമുണ്ടോ?
നീയില്ലയെങ്കില്‍ നിന്‍ ഋതുശോഭയില്ലെങ്കില്‍
ഇക്കറുത്തത്തം കരിക്കട്ടയാം.
വരിനെല്ലിന്‍ പാടത്തെ ചെറുനെല്ലിപ്പൂക്കളും
തുമ്പയും തുളസിയും പൂവാകയും
മുക്കുറ്റിയും മറ്റു പൂക്കളും തീര്‍ക്കുന്ന
ജീവിതപ്പൂവാടി തരളമല്ലോ.
ആരേ പകര്‍ന്നൊരീ ചാരുത നിലവിതില്‍
തിരുവോണകന്യതന്‍ കൈകളെന്യേ
എന്തു ഞാന്‍ നല്‍കണം നിന്‍ പിറന്നാളിന്
ഹൃദയം പകര്‍ന്നോരീ മൊഴികളെന്യേ..
-മനോജ്‌ വര്‍മ.
( ഒമ്പതും പത്തും വരികള്‍ക്ക് അയ്യപ്പപ്പണിക്കരുടെ ഗോപികാദണ്ഡകത്തിലെ വരികളോട് കടപ്പാട് ഉണ്ട്‌ )

No comments: