Sunday, March 22, 2015

പതിനാലാം രാവുദിച്ച ചന്ദ്രന്‍



                                                           പതിനാലാം രാവുദിച്ച ചന്ദ്രന്‍ 
                                                              --------------------------------------   

കഴിഞ്ഞ നാലു വര്‍ഷമായി, ജോലി സംബന്ധമായി ഞാന്‍ തൃശ്ശൂര്‍- കുന്ദംകുളം റോഡിലൂടെയാണ് സ്ഥിരമായി പോയിക്കൊണ്ടിരുന്നത്. ഒരിക്കല്‍ കാറില്‍ ബാബുരാജ് സ്വയം പാടിയ അദ്ദേഹത്തിന്‍റ്റെ പാട്ടുകളും വെച്ചു കൊണ്ടാണ് പോയത്.കൈപ്പറമ്പ് കഴിഞ്ഞപ്പോള്‍ എന്നെ ഉന്മാദിയാക്കിക്കൊണ്ട് ബാബുരാജ് തുടങ്ങി. " സുറുമയെഴുതിയ മിഴികളേ ".. എന്‍റ്റെ ആനന്ദം പാരമ്യത്തിലെത്തി. അപ്പോഴതാ കേച്ചേരിക്കവല എത്തുന്നതിനു മുമ്പായി ഇടതു വശത്ത് പൂമുഖത്ത് സ്ഥിര സാന്നിധ്യമായ ആ ശുഭ്റ വസ്ത്റധാരി. എനിക്കു സഹിച്ചില്ല. 

വിഭ്റാന്തിയോ സത്യമോ?
ഞാന്‍ കേട്ട് ലഹരി കൊള്ളുന്ന വരികള്‍ എഴുതിയ ആള്‍. ഈശ്വരാ.. എങ്ങനെ? കാറിന്‍റ്റെ വേഗം കാരണം ആലോചിക്കാന്‍ സമയമില്ല. എന്താണുണ്ടായത്? ഭൂതാവേശത്തിലെന്ന പോലെ കാര്‍ ആ വീട്ടുമുറ്റത്തേക്ക് തിരിച്ചു. 

അപരിചിതനായ അതിഥിയെക്കണ്ട്‌ ഗൃഹനാഥന്‍ പകച്ചില്ല. മന്ദഹാസത്തോടെ ആര് എന്ന അര്‍ത്ഥത്തില്‍ നോക്കി. വിസ്മയാധിക്യത്തോടെ ഞാന്‍ വീണ്ടും നോക്കി. തേന്‍ പുരട്ടിയ മുള്ളുകള്‍ കരളില്‍ എറിഞ്ഞയാള്‍ തന്നെ.

യൂസഫലി കേച്ചേരി!!

ഞാന്‍ കയറിയപാടെ ആ കാല്‍കളില്‍ സ്പര്‍ശിച്ചു. അതീവ വാചാലതയോടെ പറഞ്ഞു. വരുംപോള്‍ ബാബുരാജിന്‍റ്റെ പാട്ടുകള്‍ കേട്ടു വരികയാണ്. എത്റയോ വട്ടം കേട്ടതാണെങ്കിലും "സുറുമയെഴുതിയ മിഴികള്‍" കേട്ടു വരുംപോള്‍ അതിന്‍റ്റെ കര്‍ത്താവിനെ നേരില്‍ കാണുക കൂടി ചെയ്തപ്പോള്‍ കയറി വന്നതാണ്. 
അദ്ദേഹം ചിരിച്ചു. സൗമ്യതയോടെ എന്നോട് ഇരിക്കാന്‍ പറഞ്ഞു. പിന്നീട് എന്‍റ്റെ വാചാലമഴയില്‍ ഇളം വെയിലായി പ്റതികരിച്ച് അദ്ദേഹം മഴവില്ലു സൃഷ്ടിച്ചു. ഏറെ നേരം തന്‍റ്റെ സിനിമാ ജീവിതത്തേയും ബാബുരാജിനേയും, നൗഷാദിനേയും, പഴയ ഗാനങ്ങളേയും കുറിച്ചു സംസാരിച്ചു. ഭാസ്കരന്‍ മാഷെപ്പറ്റി മതിപ്പോടെ സംസാരിച്ചു. " കണ്മണി നീയെന്‍ കരം പിടിച്ചാല്‍" എന്ന ഗാനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ആര്‍ജ്ജവത്തോടെ, സത്യസന്ധതയോടെ അദ്ദേഹം പറഞ്ഞു, ആ പാട്ട് അദ്ദേഹം എഴുതിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന്. അതിന്‍റ്റെ പല്ലവി പാടുകയും ചെയ്തു. കല്യാണി രാഗത്തിലാണ് എന്നു പറഞ്ഞു. ( ബാബുക്കയുടെ 'യമന്‍' തന്നെയല്ലേ കല്യാണി). വാനിലെ അമ്പിളിയെ അതാതു കഥാപാത്റങ്ങള്‍ അവരുടെ വീക്ഷണകോണിലൂടെ കാണുന്നത് അദ്ദേഹം സമര്‍ത്ഥമായി കല്പിച്ചത് ഞാന്‍ ചൂണ്ടിക്കാട്ടി. "വൈശാഖ പൗര്‍ണ്ണമിയോ" എന്ന ഗാനത്തില്‍ നമ്പൂതിരി യുവതി ചന്ദ്രനെ 'നിശയുടെ ചേങ്കില' യായാണ് കാണുന്നത്. 'കരകാണാക്കടലല മേലെ ' എന്നാ ഗാനത്തില്‍ ദുബായിക്കു പോകാന്‍ മോഹം പൂത്ത യുവാക്കള്‍ "അറബിപ്പൊന്‍ നാണ്യം പോലെ ആകാശത്തമ്പിളി വന്നു' എന്നാണു കാണുന്നത്. ഇതു കേട്ടപ്പോള്‍ അതു ശരിയാണല്ലോ എന്ന് അദ്ദേഹം അത്ഭുതം കൂറി.  മലയാളത്തില്‍ അന്ത്യാക്ഷര പ്റാസം അദ്ദേഹത്തെപ്പോലെ ഉപയോഗിച്ച ഗാന രചയിതാക്കള്‍ ഇല്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം തന്‍റ്റെ ഉമ്മയെക്കുറിച്ചാണ് പറഞ്ഞത്.തന്‍റ്റെ കുട്ടിക്കാലത്ത് ഉമ്മ ഒരുപാടു മാപ്പിളപ്പാട്ടുകള്‍ പാടിത്തരാറുണ്ടായിരുന്നു എന്നും ഈ മാപ്പിളപ്പാട്ടിന്‍റ്റെ സ്വാധീനമാവാം  തന്‍റ്റെ   അന്ത്യാക്ഷര പ്റാസത്തിനു കാരണം എന്നും പറഞ്ഞു. 'മയിലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തീ' എന്ന തന്‍റ്റെ  ഗാനം അദ്ദേഹം മൂളി.  ഇടക്കിടെ സ്വപ്നമേത് സത്യമേത് എന്ന് അറിയാത്ത അവസ്ഥയിലായി ഞാന്‍. പൊടുന്നനെ കയറി വന്ന ഒരു " പാട്ടു ഭ്റാന്ത"നോടാണല്ലോ അദ്ദേഹം ഇത്റയൊക്കെ സംസാരിക്കുന്നത് എന്നു ഞാന്‍ അതിശയിച്ചു.ഇതിനിടെ അദ്ദേഹത്തിന്‍റ്റെ പത്നി എനിക്ക് ജ്യൂസ് കൊണ്ടു വന്നു തന്നു. മകന്‍ സൂരജിനെ അദ്ദേഹം എനിക്കു  പരിചയപ്പെടുത്തി. ഞാന്‍ അദ്ദേഹത്തിന്‍റ്റെ ഫോണ്‍ നമ്പര്‍ വാങ്ങി. വിളിച്ചു ബുദ്ധിമുട്ടിക്കില്ല എന്നു വാക്കും കൊടുത്തു. തിരിച്ച് എന്‍റ്റെ നമ്പര്‍ അദ്ദേഹവും വാങ്ങി.ഇനിയും തുടര്‍ന്നാല്‍ ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിച്ചു കൊണ്ടേയിരിക്കും എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി. ചിരിച്ചു കൊണ്ടു എന്നെ യാത്റയാക്കി. പോകുംപോള്‍ ഞാന്‍ ആലോചിച്ചു, ഇങ്ങനെ എത്റപേര്‍ അദ്ദേഹത്തെ കാണാന്‍ വരുന്നു.  
എന്നാല്‍ എന്നെ അതിശയിപ്പിച്ച twist പിന്നീട് ആണ് ഉണ്ടായത്. അന്നു വൈകീട്ട് വീട്ടില്‍ എത്തിയപ്പോള്‍ എന്‍റ്റെ മൊബൈലില്‍ ഒരു കാള്‍. " yoosafali kecheri calling ".. ഞാന്‍ സ്തബ്ധനായി. എത്തിയോ എന്നറിയാന്‍ വിളിച്ചതാണ് എന്ന് അദ്ദേഹം പറഞ്ഞു.പിന്നെ ബാങ്കിംഗിനെ കുറിച്ച് ചില സംശയങ്ങള്‍ ചോദിച്ചു. വീണ്ടും വിളിക്കാമെന്നു പറഞ്ഞു. പിന്നീട് ഒരിക്കല്‍ കുന്ദംകുളത്തു വെച്ച് അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങില്‍ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. കുറച്ചു ദിവസം കഴിഞ്ഞ് തിരക്കൊഴിഞ്ഞ നേരം നോക്കി ആഗ്രഹിച്ചെങ്കിലും ചടങ്ങിനു വരാന്‍ കഴിഞ്ഞില്ല എന്നും എല്ലാം ഭംഗിയായില്ലേ എന്നും ഞാന്‍ ചോദിച്ചു,
ഭംഗിയായി, നിങ്ങളെ അവിടെ പ്റതീക്ഷിച്ചു എന്ന് അദ്ദേഹം. വീണ്ടും എനിക്ക് ഇടിവെട്ടേറ്റു. നിസ്സാരനായ എന്നെ പ്റതീക്ഷിക്കുകയോ? ആ വാക്കുകളുടെ പൊരുള്‍ ഇന്നും എനിക്കു പിടി കിട്ടിയിട്ടില്ല.

മഹത്തുക്കള്‍ കടന്നു പോകുംപോള്‍ വിഷമം തോന്നാറുണ്ട്. പക്ഷെ സത്യമായും ഞാന്‍ പറയുന്നു, ഇന്നലെ യൂസഫലി കേച്ചേരി അന്തരിച്ചു എന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നില്‍ പടര്‍ന്ന വിഷാദം, സങ്കടം അതു വല്ലാതെ ഉള്ളില്‍ കടന്നു പോയി. ധീരന്‍മാര്‍ മരിച്ചു പോയവരെക്കുറിച്ച് ദു:ഖിക്കാറില്ല എന്ന് ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ പറയുന്നുണ്ട്. (പക്ഷേ ഞാന്‍ ധീരനല്ലല്ലോ, ദുര്‍ബ്ബലനായ ഒരു വെറും സാധാരണക്കാരന്‍)

ഇന്ന് എന്‍റ്റെ മൊബൈലില്‍ ആഴിക്കടിയിലെ പവിഴം പോലെ ഏറ്റവും അടിയില്‍ ആ പേര് കിടക്കുന്നു, " yoosafali kecheri" 
ഞാനിനി ഇത് delete ചെയ്യണോ? 
വേണ്ട, പ്റണയ മധുരത്തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കള്‍ വിരിയാന്‍ കാലഭേദമില്ലല്ലോ!!!

                                            മഹാനിധേ.........  ചിരശാന്തിരസ്തു!!    ചിരശാന്തിരസ്തു!! 
                                                                                 ------

No comments: