Thursday, November 20, 2014

പതിനാലാം രാവുദിച്ചത് മാനത്തോ?




പതിനാലാം രാവുദിച്ചത് മാനത്തോ?
---------------------
  മനോജ്‌ വര്‍മ                                                                                   സ്കെച്ച് - റോയ് പോള്‍ 
-------------------------------
എത്റയോ കേട്ട ഗാനമാണിത്. പക്ഷെ ഇന്നലെ F M റേഡിയോയില്‍ ഈ ഗാനം കേട്ടപ്പോള്‍, പ്റേംനസീര്‍ മുകളില്‍ വലതു മൂലയിലേക്ക് കണ്ണോടിച്ച് ഫ്റീസാകുംപോള്‍ വെളുത്ത spiral രേഖകള്‍ മുഖത്തേക്ക് ചുറ്റിവന്ന് ഫ്ളാഷ്ബാക്ക് തുടങ്ങുന്നത് എന്നിലും സംഭവിച്ചതെന്തേ?
കീഴ്ച്ചുണ്ട് കടിച്ച് ജയഭാരതിക്ക് ചിരിക്കാനും,'ശ്ശോ' എന്ന് പറയുന്ന പോലെ മൂക്കു ചുളിച്ച് ആംഗ്യം കാണിച്ച് പ്റേംനസീറിനു പ്റണയം കാണിക്കാനും സമൃദ്ധമായ റൊമാന്റിക്‌ ഭാവം ഈ ഗാനത്തിലുള്ളത് കൊണ്ടോ? - അല്ല.
മുടി രണ്ടായ് പകുത്തിട്ട്‌, അതില്‍ ചുവന്ന റിബണ്‍ കെട്ടി, അതിലൊന്നു മുന്നോട്ടിട്ടു വരുന്ന ഒരു 'ഹാഫ് പാവാട' ഓര്‍മകള്‍ വന്നതു കൊണ്ടോ?
-അല്ലേയല്ല.
ഗായകനും, നിഷ്കളങ്കനും, സര്‍വോപരി അന്യരില്‍ മതിപ്പും ബഹുമാനവും ഉള്ളവനും ആയ നന്ദകുമാറിനെ ഓര്‍മ വന്നതു കൊണ്ടാണ്.
പ്റതിഭലേച്ഛയില്ലാതെ, പ്റതിവന്ദനേച്ഛയില്ലാതെ ലോകത്തിനു മുഴുവന്‍ സന്തോഷമാകട്ടെ എന്ന ഉദ്ദേശ്യത്തോടെയുള്ള നന്ദകുമാറിന്‍റ്റെ വായ തുറന്നുള്ള ചിരി ഓര്‍മ വന്നതു കൊണ്ടാണ്.
തടിച്ച ശരീരം.ഉണ്ണിക്കുടവയറ്. കോട്ടണ്‍ ട്ടൗസറ് പള്ളിമണി പോലെ വിടര്‍ന്നു നീല്‍ക്കും. വട്ടമുഖം, മുഖത്ത് കറുത്ത ഫ്റൈമ് ഉള്ള ഇഡ്ടലി ചില്ലു കണ്ണട (ഈ കണ്ണടയാണ് നന്ദകുമാറിന്‍റ്റെ നിഷ്കളങ്കത വര്‍ദ്ധിപ്പിക്കാന്‍ ചിരി കഴിഞ്ഞാല്‍ രണ്ടാമന്‍) തലയുടെ ഇടത്തു നിന്ന് വലത്തോട്ടേക്ക് 'ദേവാനന്ദ്' സ്റ്റൈലില്‍ കിടക്കുന്ന മുടി. ഏകദേശം ബാഹ്യരൂപം ഇങ്ങനെയാണ്. ( ആന്തരിക രൂപം പഞ്ഞിമിട്ടായി പോലെ എന്ന് വായനക്കാര്‍ക്ക് വഴിയേ മനസ്സിലാകും)
എന്‍റ്റെ യു പി സ്കൂള്‍ കാലം.നമ്പീശന്‍റ്റെ സ്കൂള്‍ എന്നും അതു വിളിച്ചു മടുക്കുംപോള്‍ ഒരു ചെയ്ഞ്ചിനു വേണ്ടി D M R T സ്കൂള്‍ എന്നും നാട്ടുകാര്‍ വിളിക്കുന്ന എ യു പി സ്കൂള്‍ തിരൂര്‍ എന്ന് ബോര്‍ഡില്‍ പേരുള്ള, തൃക്കണ്ടിയൂരില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയം.
ഞാന്‍ ആറാംക്ളാസ്സില്‍ പഠിക്കുന്നു.( പഠിക്കുന്നു എന്ന് ഒരു ഭാഷാശൈലി എന്ന നിലക്ക് പറഞ്ഞതാണ്. ആറാം ക്ളാസ്സില്‍ പോയി വരുന്നു എന്നു പറയാം.) നന്ദകുമാര്‍ അഞ്ചിലും.
മാസത്തില്‍ ഒന്നിരാടന്‍ വിട്ട രണ്ടു വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ സാഹിത്യ സമാജമുണ്ട്. ഞങ്ങളിലെ ബഹുമുഖ പ്റതിഭകളുടെ ബഹിര്‍ സ്ഫുരണം. സത്യസന്ധതയെക്കുറിച്ച് ഉപന്യാസം ( മരം വെട്ടുകാരന്‍റ്റെ മഴുവിന്‍റ്റെ കഥ നിര്‍ബന്ധം.), മുതിര്‍ന്നവര്‍ എഴുതിത്തന്ന പ്റസംഗം സ്വയം വി കെ കൃഷ്ണമേനോന്‍ ആണ് എന്ന മട്ടില്‍ കാണാപാഠം വീക്കല്‍, ആയിടെ ഇറങ്ങിയ പ്റേംനസീറിന്‍റ്റെ പാട്ടുകള്‍, അമ്മയെ കാണാത്ത ആട്ടിന്‍കുട്ടി കരയുന്ന പോലെ പാടല്‍( അക്കാലം 99% പാട്ടുകളും പ്റേംനസീര്‍ തന്നെയല്ലേ പാടാറുള്ളൂ) നന്ദിപ്റകടനം തുടങ്ങിയവയാണ് സര്‍ഗ പ്റവാഹം.
ഒരിക്കല്‍ നന്ദകുമാര്‍ സ്റ്റേജില്‍ കയറി. അധ്യക്ഷന്‍റ്റെ മേശയില്‍ വലതു കൈ ചാരി. ചിരി കയറുംപോഴെ boot ചെയ്തിട്ടുണ്ടായിരുന്നു. അനുനാസികത്തില്‍ പാട്ടു തുടങ്ങി. " പതിനാലാം രാവുദിച്ചത് മാനത്തോ..."
ഏവരും കേട്ടു. ഔപചാരിക മര്യാദയോടെ കയ്യടിച്ചു. മാഷന്‍മാര് മനസാ അനുഗ്രഹിച്ചു. ശുഭ പര്യവസായി.
അടുത്ത സാഹിത്യ സമാജത്തിനു തന്നെ അധ്യക്ഷ ഹെഡ് ടീച്ചര്‍ സരസ്വതിയമ്മ പേരു വിളിക്കുന്ന കേട്ടു.
അടുത്തത് ഗാനം- നന്ദകുമാര്‍.
ചിരിയോടെ തന്നെ നന്ദകുമാര്‍ സ്റ്റേജില്‍ കയറി.കണ്ണട, ഉണ്ണിക്കുടവയര്‍, മേശ പിടിച്ചുള്ള നില്‍പ്പ്, കാലിനോട് യാതൊരു സ്നേഹവുമില്ലാതെ അകന്നു നില്‍ക്കുന്ന ട്ടൗസര്‍ എല്ലാം പതിവിന്‍പടി റെഡി. നന്ദകുമാര്‍ അനുനാസികത്തില്‍ തുടങ്ങി.
"പതിനാലാം രാവുദിച്ചത് മാനത്തോ..."
ഞങ്ങള്‍ പലരും ഞെട്ടി. മാഷന്‍മാര് സംയമനം പാലിച്ചു. മനസാ അനുഗ്രഹിക്കാന്‍ മറന്നു. ഏഴാം ക്ലാസ്സിലെ മുണ്ടുടുത്തു വരുന്ന കശ്മലന്‍മാര്‍ ( അവരാണ് സ്കൂളിലെ സീനിയേഴ്സ് - ദാദമാര്‍ എന്ന് മലയാള തര്‍ജമ) ഉറക്കെ മുദ്രാവാക്യം വിളിച്ചു. "രണ്ടാം വാരം, രണ്ടാം വാരം" ( അന്ന് സിനിമ രണ്ടാം വാരം ഓടുന്നത് വലിയ പരസ്യമാണ് പത്റങ്ങളില്‍.)
നന്ദകുമാറിന്‍റ്റെ സംഗീത സുധാരസം മുഴുമിച്ചില്ല. ചിരിച്ചു കൊണ്ടു തന്നെ നന്ദകുമാര്‍ ഇറങ്ങിപ്പോയി. ( നന്ദകുമാറിനെ കുറ്റം പറഞ്ഞു കൂടാ, ഭാഗവതര്‍ക്ക് എപ്പോ കച്ചേരി തുടങ്ങുംപോഴും വാതാപി പാടാമെങ്കില്‍ നന്ദകുമാറിന് പതിനാലാം രാവില്‍ ഒന്നു മാസ്റ്റര്‍പീസ് ആയാലെന്താ?)
സതീര്‍ഥ്യന്‍മാരില്‍ നന്ദകുമാറിന് ഉള്ള മതിപ്പു തെളിയിക്കുന്ന ഒരു സംഭവം ഉണ്ടായി. അഞ്ചാം ക്ളാസ്സില്‍ ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പു നടക്കുന്നു. എല്ലാം ലൈവ് ടെലികാസ്റ്റ് ആയി ഞങ്ങള്‍ക്ക് കാണാം. (പേരിനു ഒരു തട്ടികയല്ലേ ഞങ്ങള്‍ക്ക് ഇടയിലുള്ളൂ, തട്ടിക മാറ്റിയാല്‍ സാഹിത്യ സമാജമായി.) സ്ഥാനാര്‍ത്ഥികള്‍ വളരെയധികം. പഠിച്ച പണി പതിനെട്ടും പയറ്റിയാണ് അംബുജാക്ഷന്‍ മാഷ് ബോര്‍ഡില്‍ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എഴുതി നിറച്ചത്. നന്ദകുമാര്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്.ഓരോരുത്തര്‍ക്കും വോട്ടു ചെയ്യാന്‍ കൈ പൊക്കുന്നവരുടെ കൈകള്‍ എണ്ണിയെണ്ണി അംബുജാക്ഷന്‍ മാഷ് സ്ഥാനാര്‍ത്ഥിക്ക് നേരെ മൊത്തം വോട്ടു രേഖപ്പെടുത്തുന്നുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഞങ്ങള്‍ വീണ്ടും ഞെട്ടി.അത്ഭുതം കൊണ്ട് പരതന്ത്റര്‍ ആയി.
നന്ദകുമാറിന്‍റ്റെ വോട്ട് പൂജ്യം!!! (ങ്ഹേ... നന്ദകുമാര്‍ തന്നെ നന്ദകുമാറിന് വോട്ടു ചെയ്തില്ല!!!???.)
തന്നേക്കാള്‍ കഴിവുള്ള അപരനെ അംഗീകരിക്കുക, ബഹുമാനിക്കുക എന്ന ലോകതത്വം ഞങ്ങള്‍ അറിയും മുമ്പേ നന്ദകുമാര മനസ്സിലാക്കിയിരുന്നു. ദേവീലാലിനെ പ്റധാന മന്ത്റിയാക്കാന്‍ വി പി സിംഗ് നിര്‍ദ്ദേശിച്ചപ്പോള്‍ അല്ല വി പി സിംഗ് തന്നെയാണ് പ്റധാന മന്ത്റിയാകേണ്ടത് എന്ന് ദേവീലാല്‍ തിരിച്ചു നിര്‍ദ്ദേശിച്ചത് ഒക്കെ പിന്നീട് എത്റയോ കാലം കഴിഞ്ഞു വന്ന കാര്യമാണ്.
പ്റിയപ്പെട്ട യൂസഫലി കേച്ചേരി സാര്‍, അങ്ങയുടെ പാട്ടിന് ഇങ്ങനെയൊരു തലം കൂടി ഉണ്ടെന്ന് അങ്ങ് അറിഞ്ഞുവോ?!
----## -----
(ഞങ്ങളുടെ (രണ്ടു പേരുടെയും) സ്കൂള്‍ മൌലികതയോടെ, അതീവ ചാരുതയോടെ വരച്ചു തന്ന പ്റിയ സുഹൃത്ത്‌ റോയിക്ക് പ്റത്യേകം നന്ദി.)

No comments: