Friday, November 14, 2014

മൂന്ന് അക്ഷരങ്ങളിലൂടെ ജീവിക്കുന്ന ഒരാള്‍

                                   
 


  മൂന്ന് അക്ഷരങ്ങളിലൂടെ  ജീവിക്കുന്ന ഒരാള്‍ 
                                                                                 ---                                                 
                                                                                                                      -മനോജ്‌ വര്‍മ 

 കഴിഞ്ഞ ദിവസം പാലാ, രാമപുരത്ത് ഒരു ബന്ധു വീട്ടില്‍ പോയപ്പോഴാണ് കാലം കൈ പിടിച്ചു  നടത്തുന്ന ഈ പുണ്യശ്ളോകനെ കണ്ടത്. ഒരു ഓട്ടോറിക്ഷയില്‍ തനിയെ വന്ന്, കൂനിക്കൂനി വരുന്നതു കണ്ടപ്പോള്‍ ഒരു വയോധികന്‍ എന്നേ കരുതിയുള്ളൂ. പിന്നീടാണ് മനസ്സിലായത്‌, ഈശ്വരന്‍ ചിലപ്പോള്‍ ചില കുഞ്ഞു മായാജാലങ്ങളിലൂടെ എന്നെ വിസ്മയപ്പെടുത്തുന്ന പതിവില്‍ ഒന്നാണ് ഇത് എന്ന്. 

പദ്മനാഭ മാരാര്‍!

പോരാ, കുലധര്‍മം നിഷ്ഠയോടെ, ഒരു സമര്‍പ്പണമായി ചെയ്ത് ഫലപ്റതീക്ഷയില്ലാതെ, കാലത്തിന്‍റ്റെ ചൂണ്ടുവിരല്‍  പിടിച്ചു നടന്ന് ഈശ്വരനെ നോക്കി ചിരിക്കുന്ന കര്‍മ യോഗി. രാമപുരത്തുകാരന്‍ ചെറുവേലി പദ്മനാഭ മാരാര്‍!! ( തറവാട്ടു പേര് അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്.) രാമപുരത്തെ പ്റഥമ പൌരന്‍ എന്നാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയവര്‍ പറഞ്ഞത്.കൂടുതല്‍ അറിഞ്ഞപ്പോള്‍ എന്‍റ്റെ കുഞ്ഞു ഗര്‍വുകള്‍ ബാഷ്പമായി. പതുക്കെ അടുത്തുചെന്ന് പരിചയപ്പെട്ടപ്പോള്‍ അലിവോടെ അദ്ദേഹം പറഞ്ഞു തുടങ്ങി. 

" ഞാന്‍ നൂറു തവണ ശബരിമലക്ക് പോയിട്ടുണ്ട്." വിശ്വാസം വരാതിരുന്ന എന്‍റ്റെ മണ്ടന്‍ ഭാവത്തിലേക്കു നോക്കി അദ്ദേഹം വിശദീകരിച്ചു, "നൂറു വര്‍ഷം അടുപ്പിച്ചു പോയി എന്നല്ല, പല തവണയായി നൂറിലേറെ എണ്ണം. 
ഞാന്‍ അദ്ദേഹത്തിന്‍റ്റെ കൈകളില്‍ പിടിച്ച്, മുഖത്തേക്ക് ചെവിയടുപ്പിച്ച് കേട്ടുകൊണ്ടിരുന്നു. ഉത്സാഹഭരിതനായി അദ്ദേഹം പറയുന്നുണ്ട്. മുഴുവന്‍ വാക്കുകളും തെളിയുന്നില്ല. എന്നാല്‍ ഒരു വാക്യം വ്യക്തമായി കേട്ടു. അത് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

" മൂന്ന് അക്ഷരങ്ങളിലാണ് എന്‍റ്റെ ജീവിതം മുന്നോട്ടു പോകുന്നത്. ഗു  രു  ത്വം! " 

ലോകത്തോടു മുഴുവന്‍ വിളംബരം ചെയ്യും പോലെ അഭിമാനിയായി അദ്ദേഹം.

ചെണ്ടയും ഇടയ്ക്കയും എല്ലാം അഭ്യസിച്ചിട്ടുണ്ട്, കുലത്തൊഴില്‍ ആയി അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. അഷ്ടപദി പാടാനും അറിയാം. അമ്പലങ്ങളില്‍ അടിയന്തിരമായിരുന്നു. അതിലേ ശ്റദ്ധ വെച്ചുള്ളൂ. എല്ലാം നിഷ്ഠയോടെ ചെയ്തു. വൈദഗ്ദ്ധ്യമുണ്ടെങ്കിലും തായമ്പക, മേളം, കഥകളി തുടങ്ങിയവയിലേക്കൊന്നും പോയില്ല. സ്വന്തം ഖ്യാതിക്കായി ശ്റമിച്ചുമില്ല. ഭഗവത്സേവ തന്നെ. ജീവിതം പുരോഗമിച്ചത് നേരത്തേ പറഞ്ഞ ആ മൂന്നക്ഷരത്തിലും. സാക്ഷാല്‍ ഷഡ്ക്കാല ഗോവിന്ദ മാരാരുടെ കുലവുമായി ബന്ധവുമുണ്ട്. ഗോവിന്ദ മാരാരെക്കുറിച്ച് ഏറെ സംസാരിക്കുന്നുമുണ്ട്. 
എത്റ വയസ്സായി എന്ന ചോദ്യത്തിന് ലാഘവത്തോടെ അദ്ദേഹം പറഞ്ഞു . 

ഈ വരുന്ന ധനുമാസത്തിലെ ചോതിക്ക് 110 വയസ്സാകും!!!

ഒരു നൂറ്റാണ്ടിന്‍റ്റെ പകര്‍ച്ച കണ്ട തലമുറ എന്ന ഒരു ഗര്‍വ്വ് എനിക്കുണ്ടായിരുന്നു. ഇവിടെയിതാ കഴിഞ്ഞ നൂറ്റാണ്ടിന്‍റ്റെ തുടക്കം മുതല്‍ കാലത്തോടൊപ്പം നടന്ന ഒരാള്‍ എന്‍റ്റെ മുന്നില്‍. ഞാന്‍ അദ്ദേഹത്തിന്‍റ്റെ പാദങ്ങളില്‍ കൈ വെച്ചു. എത്റ കനല്‍വഴികളിലൂടെ, ശാദ്വല ഭൂമികയിലൂടെ, ചരിത്റ സംഭവങ്ങളുടെ സാക്ഷിയായി നടന്ന പാദങ്ങളാണ്, " ഋതു ഭേദങ്ങളുടെ പാരിതോഷികം" ഏറ്റു വാങ്ങിയ കൈകളാണ്. 
ഋഷീശ്വരനെ പോലെയിരിക്കുന്ന ഈ അഭിവന്ദ്യ മുത്തശ്ശനെ സ്നേഹാദരങ്ങളോടെ നോക്കി വിസ്മിത നേത്റനായി ഞാനിരുന്നു. 
110 വയസ്സ്. കേരളത്തിലെ (ഇന്ത്യയിലെ തന്നെ? ) പ്റഥമ മുത്തശ്ശനാകുമോ ഇദ്ദേഹം? 

ഈ ദിവസം ഇത്റ ദൂരം യാത്റ ചെയ്യിച്ച് എന്നെ അദ്ദേഹത്തിനു മുന്നില്‍ നിര്‍ത്തി ഈ നിമിഷം സമ്മാനിച്ചത്‌..... ഞാന്‍ പറഞ്ഞില്ലേ...
കുഞ്ഞു മായാജാലങ്ങളിലൂടെ എന്നെ വിസ്മയിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആ പ്റപഞ്ച മുത്തശ്ശന്‍റ്റെ കുസൃതി.
                                          *             *              *              *              *              * 




No comments: