Sunday, March 23, 2014

മാമ്പഴക്കഥ



                                       മാമ്പഴക്കഥ - ഒരു സത്യത്തിന്‍റ്റെയും.
                                                           ---                                             - മനോജ്‌ വര്‍മ. 

എപ്പോഴും വിസ്മയമാണ് മാങ്ങാക്കാലം.

അമ്മ അങ്ങനെയാണ്. എത്റ കുരുത്തക്കേടു കാണിച്ചാലും അതാതു കാലത്ത് മക്കള്‍ കഴിക്കേണ്ട ഭക്ഷണം തയ്യാറാക്കി വെക്കും. ക്ലേശങ്ങള്‍ സഹിച്ചും. പ്റകൃതിയമ്മ ഇത്തവണയും ഞങ്ങള്‍ക്ക് മാമ്പഴക്കാലം ഒരുക്കി വെച്ചിരിക്കുന്നു. 

ഇന്ന് രാവിലെ നോക്കുംപോള്‍ മുറ്റത്തെ മാവില്‍ കൈനീട്ടം തരാനെന്ന പോല്‍ നീട്ടിപ്പിടിച്ചുനില്‍ക്കുന്നു മാങ്ങകള്‍. ഞാന്‍ കൈ വീശി ഒരു നമസ്തെ കൊടുത്തു . എന്നിട്ടു പറഞ്ഞു. ഞാന്‍ കയറി വരില്ല. അണ്ണാനും പൂത്താങ്കീരിയുമൊക്കെ കഴിച്ചിട്ട് ബാക്കി എനിക്കു തന്നാല്‍ മതി. എന്‍റ്റെ നെഞ്ചു മുതല്‍ വയറു വരെ ഞാന്‍ നോക്കി. ഇല്ല, ഇപ്പോള്‍ ഒരു പാടുകളുമില്ല. അനേക വര്‍ഷം മുമ്പ് ഇക്കാലം  എന്‍റ്റെ നെഞ്ചില്‍ മാങ്ങാച്ചൊന വീണു പൊള്ളിയ വടുക്കള്‍ ഉണ്ടായിരുന്നു, വയറില്‍ മാവിലുരഞ്ഞു കോറിയ പാടുകള്‍ ഉണ്ടായിരുന്നു. 
വിഷുവും ഓണവും വരുംപോള്‍ ചാനലുകളില്‍ കൃത്റിമമായി കാണിക്കുന്ന ബാല്യം യഥാതഥമായി അനുഭവിച്ചവനാണ് ഞാന്‍, എന്‍റ്റെ തലമുറയും. ഞാന്‍ വളര്‍ന്ന സ്ഥലം ഇവിടെയല്ല, അല്പം ദൂരെ, ഏറനാട്ടിലെ തിരൂരില്‍. നോക്കെത്താദൂരം തെങ്ങിന്‍ പറമ്പ്. പഞ്ചാര മണല്‍. എന്‍റ്റെ അച്ഛന്‍പെങ്ങളുടെ ഗൃഹം. അതിന്‍റ്റെ വിശാലമായ തേങ്ങിന്‍ തോപ്പിലെ ഒരു കൊച്ചു വീട്ടിലാണു ഞാന്‍ മലര്‍ന്നു കിടന്നതും, പിന്നെ ഭൂമിയില്‍ ഓടിക്കളിക്കാന്‍ പഠിച്ചതും. ഒരുപാടു കൂട്ടുകാര്‍. മധ്യവേനലവധി ഒരു മാമ്പഴ മധുരക്കാലം തന്നെയായിരുന്നു. പൂത്ത അശോകത്തിനു മുകളില്‍ ഏറുമാടം കെട്ടി ഞങ്ങള്‍ പകലുറങ്ങി. അമ്പലമുറ്റത്ത്‌ കിളിമാസു കളിച്ചു. വൈകുന്നേരം കുളം കലക്കി. ഏതു മാവിലും കയറി, അല്ലെങ്കില്‍ കല്ലെറിഞ്ഞു വീഴ്ത്തി കണ്ണിമാങ്ങ മുതല്‍ മാമ്പഴം വരെ അനുഭവിച്ചു. ഫലം, വേനല്‍ക്കാലം മുഴുവന്‍ നെഞ്ചില്‍ നടേ പറഞ്ഞ മാങ്ങാ മുദ്രകള്‍. ഈ അനുഭവം എന്‍റ്റെ തലമുറയ്ക്കായി സമര്‍പ്പിക്കുന്നു. 

ഇനി എന്‍റ്റെ ഒരു സ്വകാര്യ അനുഭവം കൂടി. അണ്ണാറക്കൊട്ടനെപ്പോലെ മെലിഞ്ഞിരുന്ന ഞാന്‍ ഏതു വൃക്ഷത്തിലും പിടിച്ചു കയറുമായിരുന്നു. ഒരിക്കല്‍ അമ്പല മുറ്റത്തെ നെല്ലി മരത്തിനു മുകളില്‍ എന്നെക്കണ്ട് ഭയന്ന അമ്മ വിഷയം അച്ഛന്‍റ്റെ മുന്നിലെത്തിച്ചു. അച്ഛന്‍റ്റെ ശിക്ഷാവിധി ഇങ്ങനെ -ഇനി മരത്തില്‍ കയറില്ലെന്ന് അച്ഛനെ പിടിച്ച് സത്യമിടണം. ഞാന്‍ സത്യമിട്ടു. കുറച്ചു കാലം പേടിച്ച് മരത്തില്‍ കയറാതെ നടന്നു. ഒടുവില്‍ വിലക്കു നീക്കിയത് അച്ഛന്‍ തന്നെ. തൃശ്ശൂരില്‍ അച്ഛന്‍റ്റെ അനിയന്‍റ്റെ വീട്ടില്‍ വന്നപ്പോള്‍ മുറ്റത്തെ മാവില്‍ രസികന്‍ മാമ്പഴം. മാങ്ങാ ഭ്റാന്തന്‍ ആയ അച്ഛനു സഹിച്ചില്ല. എന്നോടു മാവില്‍ കയറാന്‍ പറഞ്ഞു. ഞാന്‍ എന്‍റ്റെ സത്യ ത്തെക്കുറിച്ചും സത്യലംഘനം ചെയ്താലുള്ള പാപത്തെക്കുറിച്ചും കര്‍ണ്ണനെപ്പോലെ പ്റസംഗിച്ചു. "അതു സാരല്യ" എന്നു പറഞ്ഞ്, ഉയരമുള്ള ശിഖരത്തില്‍ പിടികിട്ടാന്‍ അച്ഛന്‍ തന്നെ വലത്തെ കൈ മാവില്‍ ചേര്‍ത്ത്, ചവിട്ടി കയറിക്കോളാന്‍ പറഞ്ഞു. അച്ഛന്‍റ്റെ  കയ്യില്‍ ചവിട്ടി ഞാന്‍ മാവില്‍ പിടിച്ചു കയറി. എന്‍റ്റെ വിലക്കും നീങ്ങി, അച്ഛനു മാങ്ങയും കിട്ടി. 
രാവിലെ ഈ മാങ്ങകള്‍ കണിയായി മുന്നില്‍ വന്നപ്പോള്‍ ഒരു ചലച്ചിത്റം പോലെ ഈ ഓര്‍മകള്‍.( ഹൊ, അപ്പോഴും നൊസ്റ്റാള്‍ജിയ  തന്നെ).  എല്ലാ കുട്ടികള്‍ക്കും ആഹ്ളാദകരമായ ഒരു മധ്യവേനലവധി ആശംസിക്കുന്നു.

കണ്‍ഫ്യുഷ്യസ്സിന്‍റ്റെ വാക്കുകള്‍ കൂടി ഈ മാമ്പഴത്തോട് ചേര്‍ത്തു വെക്കട്ടെ-

                                                    ഭാവിയെ ആവിഷ്കരിക്കണമെങ്കില്‍
                                                    ഭൂതകാലത്തെ അറിയണം.

                                                                 --$$--$$--                                                                                                   

No comments: